ഭാര്യയുടെ വ്യാജ ഒപ്പിട്ട് 4.72 ലക്ഷം രൂപ മാറിയെടുത്ത കേസ്... ഗുജറാത്തിയായ ഭര്‍ത്താവിനെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

ഭാര്യയെ അടിച്ചിറക്കി വിട്ട ശേഷം ഭാര്യയുടെ ചെക്കില്‍ വ്യാജ ഒപ്പിട്ട് 4.72 ലക്ഷം രൂപ മാറിയെടുത്ത കേസില്‍ ഗുജറാത്തുകാരനായ ഭര്‍ത്താവിനെ ഹാജരാക്കാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
പ്രതിയെ സെപ്റ്റംബര്‍ 15 ന് ഹാജരാക്കാന്‍ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറോടാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടത്. ഗുജറാത്ത് സൂററ്റ് ജില്ലയില്‍ റണ്ടാര്‍ ചാച്ചാ സ്ട്രീറ്റ് യൂസഫ് ബില്‍ഡിംഗില്‍ അലി മുഹമ്മദ് ആലി യൂസഫ് ഹാന്‍സിയ (62) യെയാണ് ഹാജരാക്കേണ്ടത്.
ഭാര്യ ശീതള്‍ ഹേമന്ദ് എന്ന സാല്‍വ അലി മഹമ്മൂദ് ഹന്‍സിയയുടെ ചെക്കു ലീഫുകള്‍ കൈക്കലാക്കിയ പ്രതി അതില്‍ ഭാര്യയുടെ കള്ള ഒപ്പിട്ട് ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും 7 ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് പണം കൈക്കലാക്കിയെന്നാണ് കുറ്റാരോപണം.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശീതളിന്റെ മുന്‍ ഭര്‍ത്താവായ പ്രതി ഇവരുമായി പിണങ്ങിയതിനെ തുടര്‍ന്ന് പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും 2016 നവംബര്‍ 6 ന് ഇറക്കിവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂസിയം എല്‍ എം എസ് ബ്രാഞ്ചിലെ അക്കൗണ്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കി.
തുടര്‍ന്ന് 2017 ഫെബ്രുവരി 26 , മാര്‍ച്ച് 19 , ഏപ്രില്‍ 2 , ഏപ്രില്‍ 3 എന്നീ തീയതികള്‍ വച്ച് ഭാര്യയുടെ ഒപ്പുകള്‍ വ്യാജമായി ചമച്ച ചെക്കുകള്‍ യഥാക്രമം 90,000 , 93,000 , 50,000 , 22,000 എന്നീ തുകകള്‍ക്കായി പ്രതിക്ക് അക്കൗണ്ടുള്ള മുംബൈ എച്ച് എസ് ബി സി ബാങ്ക് മുഖേന മാറിയെടുത്തും ഈ എന്‍ ആര്‍ ഐ അക്കൗണ്ടിലെ 2017 മാര്‍ച്ച് 28 തീയതി വച്ചുള്ള 3 ചെക്കുകള്‍ യഥാക്രമം 93,000 , 90,000 , 34,000 എന്നീ തുകകള്‍ രേഖപ്പെടുത്തി ഭാര്യയുടെ വ്യാജ ഒപ്പിട്ട് മുംബൈ ബി ബി കെ ബാങ്കില്‍ ഹാജരാക്കി പ്രതിയുടെ പേര്‍ക്കുള്ള അക്കൗണ്ട് മുഖേന പിന്‍വലിച്ചെടുത്തും ആകെ 4,72,000 രൂപ ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ ഒപ്പുകള്‍ വ്യാജമായി ചമച്ച് ആയത് അസ്സല്‍ ആണെന്ന വ്യാജേന , പണം കൈക്കലാക്കി ഭാര്യയെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.
ശീതളിന്റെയും അലിയുടെയും സമ്മതിക്കുന്ന സാമ്പിള്‍ ഒപ്പുകള്‍ , ബാങ്ക് രേഖകള്‍ , തര്‍ക്കിക്കുന്ന ചെക്കിലെ ഒപ്പുകള്‍ എന്നിവ കോടതി മുഖേന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് താരതമ്യ റിപ്പോര്‍ട്ടിനായി അയച്ചിരുന്നു. എഫ് എസ് എല്‍ ഡറയക്ടറുടെ പരിശോധനയില്‍ ഭാര്യ തര്‍ക്കിക്കുന്ന ചെക്കിലെ ഒപ്പുകള്‍ ഭാര്യയുടേതല്ലെന്ന റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























