ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയവർ അബുദാബിയിലും രണ്ട് പേരെ കൊന്നു, കൊല്ലപ്പെട്ടത് മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയും

ഒറ്റമൂലിയുടെ രഹസ്യം അറിയാനായി കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഷൈബിന്‍ അഷ്റഫും കൂട്ടാളികളും അബുദാബിയിലും രണ്ടുപേരെ കൊന്നെന്നു പൊലീസ്. പാരമ്പര്യ വൈദ്യന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കൂട്ടാളികളായ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. വൈദ്യനെ മൈസൂരുവിൽ നിന്നും തട്ടികൊണ്ടു വന്ന ചന്തക്കുന്ന് സ്വദേശികളായ അജ്മൽ, ഷബീബ് റഹ്മാൻ, ഷെഫീഖ് എന്നിവരാണ് പിടിയിലായത്.
മൈസുരുവില്‍ നിന്ന് നാട്ടുവൈദ്യനെ തട്ടിക്കൊണ്ടു വന്ന് നിലമ്പൂരില്‍ ഒന്നേ കാല്‍ വര്‍ഷം തടവില്‍ പാര്‍പ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് ഷൈബിന്‍ അഷ്റഫിനും കൂട്ടാളികള്‍ക്കും മറ്റ് കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വ്യാപാര പങ്കാളിയും മാനേജരായ യുവതിയും ആണ് കൊല്ലപ്പെട്ടത്. ഷൈബിന്‍ അഷറഫ് കൊലയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് സിഗ്നല്‍ ആപ് വഴിയെന്ന് പൊലീസ് പറയുന്നു. ഷൈബിന്‍ അഷ്‌റഫ് അബുദബിയില്‍ പോകാതെ ഫോണ്‍ വഴിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നാണു സാക്ഷിമൊഴി.
2020 മാര്‍ച്ച് അഞ്ചിന് കോഴിക്കോട് ഈസ്റ്റ് മലയമ്മ പാറമ്മല്‍ ഹാരിസും യുവതിയും കൊല്ലപ്പെട്ട കേസിലാണ് ഷൈബിന്‍ അഷ്റഫിന്റെയും കൂട്ടാളികളുടെയും പങ്ക് തെളിയുന്നത്. യുവതിയെ കൊന്നശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്താനുള്ള തെളിവുകള്‍ സംഘം സൃഷ്ടിച്ചു. കേസ് തെളിയിച്ചത് മലപ്പുറം എസ്‌പി എസ്. സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയില്‍ ഒട്ടിച്ചതായി സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഹാരിസ് 2020ല്‍ അബുദാബിയില്‍വച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























