സംസ്ഥാനത്തിന്റെ വലിയ സ്വപ്നം തകർന്നു; ഇടുക്കിയിൽ ഉടൻ വിമാനമിറങ്ങില്ല, വില്ലനായത് കനത്ത മഴ, മണ്ണിടിച്ചിലും..നഷ്ടം 12 കോടി

കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കേഡറ്റകുകള്‍ക്ക് പരീശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിക്കാണ് ആഘാതമേറ്റത്. രാജ്യത്ത് ആദ്യമായി പൊതുമരാമത്ത് വകുപ്പ് പണികഴിപ്പിച്ചതെന്ന പ്രത്യേകതയോടെയാണ് വണ്ടിപ്പെരിയാറിൽ എയർ സ്ട്രിപ്പ് ഒരുങ്ങിയത്. എയർ സ്ട്രിപ്പ് വരുന്നതോടെ ഇത് ഇടുക്കിയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലായിരുന്നു ടൂറിസം വകുപ്പ്.
എന്നാൽ 12 കോടി രൂപ മുടക്കി എൻസിസിയുടെ എയർ വിംഗ് കേഡറ്റുകൾക്ക് പരിശീലനത്തിനായി നിർമ്മിച്ച റൺവേയിൽ ഇനി അടുത്തെങ്ങും വിമാനമിറക്കാൻ കഴിയില്ല. ഈ അധ്യയന വർഷം കേഡറ്റുകൾക്ക് ഇവിടെ പരിശീലനം നൽകുനള്ള നടപടിയുമായി എൻസിസി മുന്നോട്ടു പോകുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ റൺവേയുടെ ഒരു ഭാഗം തകർന്നു.
റൺവേയുടെ വശത്തുള്ള ഷോൾഡറിൻറെ ഭാഗം ഒലിച്ചു പോയി. ഇടിഞ്ഞു പോയതിൻറെ ബാക്കി ഭാഗത്ത് വലിയ വിള്ളലും വീണിട്ടുണ്ട്. കുന്നിടിച്ചു നിരത്തി നിർമ്മിച്ച റൺവേയ്ക്ക് മതിയായ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തത്താണ് മണ്ണിടിച്ചിലിനു കാരണം. മുമ്പും ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഇത് തടയുന്നതിനുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ല. ഒപ്പം റൺവേയിലെത്തുന്ന വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയില്ല.
റൺവേയുടെ ഒരു ഭാഗത്ത് വൻതോതിൽവെള്ളം കെട്ടിക്കിടന്ന് ആദ്യം വിള്ളലുണ്ടാകുകയായിരുന്നു. ഇത് തടയാൻ കോൺക്രീറ്റ് ചെയ്തിരുന്നു. ഇതു ഫലപ്രദമായില്ല. ഇവിടെ നിന്നുമാണ് മണ്ണിടിഞ്ഞു വീണത്. ഈ ഭാഗത്ത് വലിയ വിള്ളലുണ്ടായിട്ടുണ്ട്. അടുത്ത മഴയിൽ വീണ്ടും മണ്ണിടിയാൻ ഇത് കാരണമാകും. മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാൻ ഇവിടെ കയർ ഭൂ വസ്ത്രം വിരിച്ച് പുല്ലു നട്ടു പിടിപ്പിക്കാൻ 42 ലക്ഷം രൂപക്ക് കരാർ നൽകിയിരുന്നു. ഇതിനാവശ്യമായ തുക എൻസിസി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നതാണ്.
എന്നാൽ വനംവകുപ്പ് അനുമതി നൽകാത്തതിനാലും പൊതുമരാമത്ത് വകുപ്പിൻറെ അലംഭാവം മൂലവും പണികൾ നടന്നില്ല. ഇടിഞ്ഞു പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കണമെങ്കിൽ കോടികൾ ചെലവഴിക്കേണ്ടി വരും. ഒപ്പം പണികൾക്കും മാസങ്ങൾ വേണ്ടി വരും. നിലവിൽ 650 മീറ്റർ റൺവേയാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തേ രണ്ടു തവണ എയർ സ്ട്രിപ്പിൽ വാമാനമിറക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായിരുന്നു. എയർ സ്ട്രിപ്പിന് സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിംഗ് നടത്താൻ വിമാനത്തിനായിരുന്നില്ല.
https://www.facebook.com/Malayalivartha



























