പ്രതീക്ഷിച്ചത് തന്നെ... ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി; ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യ പ്രഥമപൗര; അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു എത്തിയത്; ആരാണ് ദ്രൗപതി മുര്‍മു

ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദി കണക്ക് കൂട്ടിയത് പോലെയായി കാര്യങ്ങള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരില്‍ കണ്ട് അനുമോദനം അര്‍പ്പിച്ചു.
ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പേ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം എന്‍ഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവില്‍ പുറത്തു വരുന്നതും.
അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മു എത്തിയത്. വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെട്ടതുമായ ദ്രൗപതി മുര്‍മു എന്ന പേര് ഉയര്‍ന്നു വന്നത്.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും സ്ഥാനാര്‍ഥിത്വത്തിനുണ്ട്. മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ എന്‍ഡിഎ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി തന്ത്രത്തെ പൊളിച്ചടുക്കിയിരുന്നു. ജെഎംഎം, ബിജെഡി അടക്കം എന്‍ഡിഎയ്ക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളുടെ പിന്തുണ മാത്രമല്ല അതിലപ്പുറം പിന്തുണ നേടിയെടുത്താണ് ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ആദ്യത്തെ ഗോത്രവിഭാഗക്കാരിയായ വനിതയാകുന്നത്.
ഇന്ത്യ സ്വതന്ത്ര്യത്തിന്റെ 70മത് വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പുതിയ ചരിത്രം കൂടി ഉണ്ടാകുന്നു. ചരിത്രത്തില്‍ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്റെ പ്രഥമപൗരയായി. ആദിവാസി വനിതാ നേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് പിന്തുണ നേടുക എന്ന തന്ത്രം ബിജെപി വിജയകരമായി നടപ്പിലാക്കിയതോടെ ദ്രൗപതി മുര്‍മു വലിയ വിജയമാണ് കുറിച്ചത്.
ഒഡിഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുര്‍മു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയര്‍പേഴ്‌സണായി. 2013ല്‍ ഒഡീഷയിലെ പാര്‍ട്ടിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
2000ത്തിലാണ് ദ്രൗപതി മുര്‍മു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിക്കുന്നത്. റെയ്‌റാങ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എയായി ജയിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായി. 2000ത്തില്‍ ആദ്യവട്ടം എംഎല്‍എയായപ്പോള്‍ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യഗതാഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്മൃഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു. 2007ല്‍ ഒഡിഷയിലെ ഏറ്റവും മികച്ച എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.
2015ല്‍ ദ്രൗപതിയെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായി നിയമിച്ചു. ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ആദ്യ ഗവര്‍ണറായി ദ്രൗപതി മുര്‍മു മാറി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന പ്രത്യേകതയും ദ്രൗപതി മുര്‍മുവിന് തന്നെ. 1958 ജൂണ്‍ 20നാണ് മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തില്‍ ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ തുഡുവാണ് പിതാവ്.
ആദിവാസി വിഭാഗമായ സാന്താള്‍ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമന്‍സ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ടാണ്‍മക്കളും ഒരു പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍ ഭര്‍ത്താവും രണ്ടാണ്‍കുട്ടികളും മരിച്ചു.
https://www.facebook.com/Malayalivartha