മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവം....എഫ് ഐ ആറില്‍ പോലീസിന്റെ കള്ളക്കളി, 13 ലെ സംഭവത്തില്‍ പരാതിക്കാര്‍ നല്‍കിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനില്‍ പരാതി ലഭിച്ചത് കോടതി ഉത്തരവിനൊപ്പമെന്ന് എഫ് ഐ ആര്‍,പോലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഗണ്‍മാനുമെതിരെ എടുത്ത എഫ് ഐ ആറില്‍ വലിയതുറ പോലീസിന്റെ കള്ളക്കളി.
ലഭിച്ച വിവരം സംബന്ധിച്ച് കളവായ തീയതികള്‍ രേഖപ്പെടുത്തിയ എഫ്.ഐ ആറാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ വലിയതുറ എസ്.എച്ച്.ഒ യും അന്വേഷണ ഉദ്യോഗസ്ഥനുമായ റ്റി. സതികുമാര്‍ സമര്‍പ്പിച്ചത്. കൃത്യദിവസം ജൂണ്‍ 13 , സ്റ്റേഷനില്‍ വിവരം ലഭിച്ച തീയതി ജൂലൈ 20 ന് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വകുപ്പുകള്‍ 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന) , 307 (വധശ്രമം) , 308 ( കുറ്റകരമായ നരഹത്യ ശ്രമം) , 506 (കുറ്റകരമായ ഭയപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. കൃത്യ സ്ഥലം 6 ബി 7407 ഇന്‍ഡിഗോ വിമാനത്തിനകവശം ,തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , സ്റ്റേഷനില്‍ നിന്നുള്ള അകലം 500 മീറ്റര്‍ തെക്ക് കിഴക്ക് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച പരാതിയില്‍ വിമാനത്തിനകത്തു വച്ച് ജയരാജനും പ്രതികളും ചെയ്ത കൃത്യങ്ങളും സംഭവിച്ച കാര്യങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടും എയര്‍ ക്രാഫ്റ്റ് നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. പരാതി വായിച്ചു നോക്കി വകുപ്പുകള്‍ ഇടേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്.
ജൂണ്‍13 ലെ സംഭവത്തില്‍ പരാതിക്കാര്‍ നല്‍കിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനില്‍ പരാതി ലഭിച്ചത് 20 ലെ കോടതി ഉത്തരവിനൊപ്പമെന്നാണ് കളവായ എഫ് ഐ ആര്‍ ചമച്ചിട്ടുള്ളത്. പരാതിക്കാര്‍ പരാതി നല്‍കാന്‍ 46 ദിവസം കാലതാമസം വരുത്തിയെന്ന് കാട്ടാനാണ് പോലീസ് ഇപ്രകാരം ചെയ്തത്. ഇത് വിചാരണയില്‍ കേസിന് ദോഷം വരുത്തി പ്രതികള്‍ക്കനുകൂലമാക്കാനാണ് ചെയ്തത്. പോലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്.
ജൂണ്‍ 13 ന് പരാതി ലഭിച്ച വലിയതുറ സിഐയും ജൂലൈ 6 ന് പരാതി ലഭിച്ച സിറ്റി പോലീസ് കമ്മീഷണറും എഫ് ഐ ആര്‍ എടുക്കാത്ത കുറ്റത്തിന് ഐപിസി 166 (പൊതുസേവകര്‍ നിയമപ്രകാരമുള്ള നിര്‍ദ്ദേശം അനുസരിക്കാതിരിക്കാതിരിക്കല്‍) 2 വര്‍ഷം വരെ തടവിന് ശിക്ഷാര്‍ഹരാണ്.
ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഗണ്‍മാനുമെതിരെ വധ ശ്രമത്തിന് കേസടുക്കാന്‍ കോടതി 20 ന് ഉത്തരവിട്ടിരുന്നു. കൃത്യ സ്ഥലവും കൃത്യസമയവും ഒന്നായ കൗണ്ടര്‍ കേസായതിനാല്‍ ഒറ്റ കൃത്യസ്ഥല മഹസ്സര്‍ മതിയാകും.
ഗൂഢാലോചന , വധശ്രമം എന്നീ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എഫ് ഐ ആര്‍ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ വലിയതുറ പോലീസിന് നിര്‍ദ്ദേശം നല്‍കി.
ഇ.പി. ജയരാജനെക്കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം സുനീഷ് , ഗണ്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണുത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍ മജീദ് (27) , തലശ്ശേരി പട്ടാന്നൂര്‍ സ്വദേശി ആര്‍.കെ. നവീന്‍കുമാര്‍ (37) എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. വലിയതുറ പോലീസും ശംഖുമുഖം അസി. കമ്മീഷണര്‍ ഡി.കെ. പൃഥ്വിരാജിനും പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനാലാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
സമാധാനപരമായി പ്രതിഷേധം , പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച തങ്ങളെ ജയരാജന്‍ യാതൊരു പ്രകോപനവും കൂടാതെ നരഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കുകയും പിടിച്ചു തള്ളുകയും പേഴ്‌സണല്‍ സ്റ്റാഫും ഗണ്‍മാനും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച് നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്.
വിമാനത്തില്‍ മുന്‍ഭാഗത്താണ് പരാതിക്കാര്‍ക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോള്‍ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഇവര്‍ വിമാനത്തില്‍ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോള്‍ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടര്‍ന്ന് ജയരാജന്‍ അടക്കമുള്ള 3 പേര്‍ ആക്രമിക്കുകയായിരുന്നു.
കൗണ്ടര്‍ കേസായതിനാല്‍ ഒറ്റ കൃത്യസ്ഥല മഹസ്സര്‍ മതിയാകുംപോലീസിന് ജോലി എളുപ്പം അറസ്റ്റ് ചെയ്യുമോയെന്ന് കണ്ടറിയണം
ജൂണ്‍ 13ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിയെന്നും നയതന്ത്ര ഓഫീസില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹക്കട്ടികള്‍ കടത്തിയെന്നും മകള്‍ക്ക് വേണ്ടി സുല്‍ത്താനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചുവെന്നും ജയിലില്‍ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കാത്തു നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കല്‍ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
സിവില്‍ ഏവിയേഷന്‍ നിയമ കേസ് സ്‌പെഷ്യല്‍ കോടതി വിചാരണ ചെയ്യേണ്ടതിനാല്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് റെക്കോര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.
കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത് അനുവദിച്ചിരുന്നു.. പട്ടാന്നൂര്‍ കുന്നോത്തെ ചന്ദ്രാലയത്തില്‍ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.
https://www.facebook.com/Malayalivartha