സ്റ്റേഷന്‍ വളപ്പിൽ അബോധാവസ്ഥയിൽ കിടന്നിട്ടും തിരിഞ്ഞ് നോക്കാതെ പോലീസ്: സജീവനെ ആശുപത്രിയിൽ എത്തിച്ചത് ഓട്ടോറിക്ഷാ ഡ്രൈവർമാർ:- മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ച സജീവനെ നെഞ്ചുവേദനിക്കുന്നുവെന്ന് പറഞ്ഞിട്ടും മർദ്ദിച്ചെന്ന് വെളിപ്പെടുത്തൽ

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. വടകര താഴേ കോലോത്ത് പൊന്‍ മേരി പറമ്പില്‍ സജീവനെ കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സജീവൻ സുഹൃത്തുക്കളുമായി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ ബഹളം ഉണ്ടായി.
പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിൽ സജീവനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സജീവനൊപ്പം സുഹൃത്തുക്കൾക്കും കസ്റ്റഡിയിൽ വച്ച് മർദ്ദനമേറ്റെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി. സ്റ്റേഷനില്‍ വെച്ച് തന്നെ സജീവന്‍ നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞിരുന്നു. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചെന്നും ഉടന്‍ എസ് ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ സജീവൻ കുഴഞ്ഞുവീഴുകയായിരുന്നു.
സ്റ്റേഷന്‍ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചെ 2.30നായിരുന്നു അബോധാവസ്ഥയിലായ സജീവനെ ആശുപത്രിയിൽ എത്തിക്കുന്നത്. അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ ഏറെനേരം കിടന്ന സജീവനെ പോലീസുകാർ തിരിഞ്ഞ് നോക്കിയില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ ആരോപിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവന്റെ മരണമെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിന് ശേഷം കുഴഞ്ഞു വീണതാകാമെന്നുമാണ് പോലീസിന്റെ വാദം.
നെഞ്ച് വേദന അനുഭവപ്പെട്ട സജീവന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. പൊലീസ് വാഹനം ഉണ്ടായിട്ടും അതില്‍ കൊണ്ടുപോകാനോ ആംബുലന്‍സ് വിളിക്കാനോ പൊലീസ് തയാറായില്ലെന്നും കുഴഞ്ഞു വീഴുന്നത് കണ്ട ഓട്ടോ തൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. നിലവിൽ സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം വടകര ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും.
https://www.facebook.com/Malayalivartha