കാലിന് സ്വാധീനമില്ലാത്തതിനാൽ നടക്കാൻ സാധിക്കാത്ത മനോജ് ചന്ദ്രൻ ലോട്ടറി വിൽക്കുന്നത് ജീവിക്കാൻ വേണ്ടി; ഒറ്റയ്ക്കു താമസിക്കുന്ന മനോജ് ജീവിക്കുന്നത് ലോട്ടറി വിറ്റുകിട്ടുന്ന പണവും സർക്കാർ പെൻഷനും കൊണ്ട്, നിസ്സഹായത മനസിലാക്കി ലോട്ടറി മോഷ്ടിക്കുന്നവരും പതിവ്, ഇന്നലെ ലോട്ടറി വാങ്ങാൻ എത്തിയ ആൾ കടന്നു കളഞ്ഞത് ഒരു ബണ്ടിൽ ലോട്ടറിയുമായി

മനുഷ്യരുടെ നിസ്സഹായത മനസിലാക്കി അത് മുതലെടുക്കുന്നത് പതിവാക്കിയിരിക്കുകയാണ് പലരും. അത്തരത്തിൽ ഏറെ വേദന നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കാലിന് സ്വാധീനമില്ലാത്തതിനാൽ തന്നെ നടക്കാൻ സാധിക്കാത്ത പത്തനാട് സ്വദേശി മനോജ് ചന്ദ്രൻ ലോട്ടറി വിൽക്കുന്നത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. ഒറ്റയ്ക്കു താമസിക്കുന്ന ഇദ്ദേഹം ലോട്ടറി വിറ്റുകിട്ടുന്ന പണവും സർക്കാർ പെൻഷനും കൊണ്ടാണ് ജീവിതം കഴിച്ചുകൂട്ടുന്നത്.
എന്നാൽ മനോജിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ലോട്ടറി തട്ടിയെടുത്തു കൊണ്ടു പോകുന്നതും പതിവായിരിക്കുകയാണ് ചിലർ. കഴിഞ്ഞ ദിവസവും ലോട്ടറി വാങ്ങാൻ എത്തിയ ആൾ ഒരു ബണ്ടിൽ ലോട്ടറിയുമായാണ് കടന്നു കളഞ്ഞത്. തന്റെ ലോട്ടറി മോഷ്ടിച്ചയാൾ അത് സഞ്ചിയിലിട്ട് നടന്നു പോയിട്ടും നോക്കി നിൽക്കാൻ മാത്രമേ മനോജിന് കഴിഞ്ഞുള്ളൂ.
കറുകച്ചാൽ മണിമല റോഡിലെ മാണിക്കുളത്ത് ആഞ്ഞിലിമരത്തിന്റെ ചുവട്ടിലാണ് മനോജ് ലോട്ടറിക്കച്ചവടം നടത്തിവരുന്നത്. ഇദ്ദേഹം ക്രച്ചസിന്റെ സഹായത്താലാണ് നടക്കുന്നത്. രാവിലെ വന്ന് കച്ചവടം തുടങ്ങി 9 മണിയായപ്പോൾ പ്രായമായ ഒരാൾ വന്ന് ഒരു ടിക്കറ്റെടുക്കുകയുണ്ടായി. കുറച്ചു നേരം ടിക്കറ്റുകൾ നോക്കിയ ശേഷം നമ്പർ നോക്കാനായി ബണ്ടിൽ ചോദിക്കുകയും ചെയ്തു. എല്ലാവരും ഇത്തരത്തിൽ ചോദിക്കുന്നത് പതിവായതിനാൽ ഇയാൾക്കും കൊടുക്കുകയാണ് ചെയ്തത്.
എന്നാൽ കുറച്ചു സമയം ടിക്കറ്റ് പരിശോധിച്ച ശേഷം അടുത്ത് ആരുമില്ലെന്നു കണ്ടതോടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ ബണ്ടിൽ ഇട്ടു വേഗത്തിൽ നടന്നു പോവുകയാണ് ചെയ്തത്. തനിക്ക് കാലിന് സ്വാധീനമില്ലെന്നു മനസ്സിലാക്കിയാണ് ഇയാൾ ഇതു ചെയ്തതെന്ന് മനോജ് വ്യക്തമാക്കി. ലോട്ടറി ടിക്കറ്റ് മോഷണം പോയതോടെ 4000 രൂപയുടെ നഷ്ടമാണ് മനോജിന് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അതേസമയം നിരവധി ലോട്ടറി വിൽപ്പനക്കാരാണ് ഇതിനകം ലോട്ടറി തട്ടിപ്പിനിരയായത്. നെടുംകുന്നം മോചിൻ ഭവനിൽ ടി.മോഹനൻ 2 തവണ തട്ടിപ്പിനിരയായി. ഒരു തവണ ടിക്കറ്റും പണവും അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടു പേർ തട്ടിയെടുത്ത് കടന്നുകളയുകയുണ്ടായി. സിസിടിവി ദൃശ്യം വഴി പൊലീസ് പ്രതികളെ തിരുവഞ്ചൂരിൽ നിന്നു പിടികൂടിയിരുന്നു. ഇതിന്റെ കേസ് കോടതിയിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha