എല്ലാം ടീം വര്‍ക്ക്... മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര നിറവില്‍ അപര്‍ണ ബാലമുരളി; സുരരൈ പോട്ര് എന്ന തമിഴ് സിനിമയിലെ അഭിനയത്തിലൂടെ അപര്‍ണ ഇന്ത്യയിലെ ഏറ്റവും മികച്ച നടിയാകുമ്പോള്‍ സഫലമാകുന്നത് പലരും കൊതിച്ച ആഗ്രഹം; ആര്‍ക്കിടെക്ച്ചറില്‍ നിന്നും രാജ്യത്തെ മികച്ച നടിയിലേക്ക് എത്തുമ്പോള്‍

ദേശീയ പുരസ്‌കാരം പലരും കൊതിച്ചതാണ്. കിട്ടാതെ വരുമ്പോള്‍ അതിന്റെ വേദന വേറെ. ഒട്ടും നിനയ്ക്കാതെ പ്രിയ നടി അപര്‍ണ ബാലമുരളിയെ തേടി ദേശീയ പുരസ്‌കാരം എത്തിയിരിക്കുകയാണ്. 'സുരരൈ പോട്ര്' എന്ന തമിഴ് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം എങ്കിലും മലയാളത്തിനും അഭിമാനിക്കാം.
കാരണം മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് അപര്‍ണ ബാലമുരളി. വീടുകളോടുള്ള ഇഷ്ടം കൊണ്ട് ആര്‍ക്കിടെക്ചര്‍ പഠിച്ചശേഷം സിനിമയിലെത്തി നേട്ടങ്ങള്‍ കൊയ്തു അപര്‍ണ. ദേശീയപുരസ്‌കാരത്തിന്റെ നിറവില്‍ അപര്‍ണയുടെ വിശേഷം അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.
ചെറുപ്പം മുതലേ ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു ഉണ്ടായിരുന്നതെന്ന് അപര്‍ണ പറഞ്ഞു. അത്യാവശ്യം വരയ്ക്കുകയും ചെയ്യുമായിരുന്നു. നല്ല വീടുകളോടും ഇഷ്ടമുണ്ട്. അങ്ങനെയാണ് ഉപരിപഠനത്തിനു ആര്‍ക്കിടെക്ച്ചര്‍ തിരഞ്ഞെടുത്തത്.
ആര്‍ക്കിടെക്ച്ചറില്‍ നിന്നും സിനിമയിലേക്ക് എത്തിയത് യാഥൃശ്ചികമാണ്. തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ ആര്‍ക്കിടെക്റ്റും എന്റെ ടീച്ചറുമാണ്. മായ ടീച്ചറിലൂടെയാണ് എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടിയത്. തൃശൂര്‍ പൂങ്കുന്നമാണ് സ്വദേശം. ഇവിടെ ഒരു ഫ്‌ലാറ്റിലാണ് ഇപ്പോള്‍ കുടുംബമായി താമസം. വീട് പണിയാനുള്ള ആശയങ്ങളുടെ പണിപ്പുരയിലാണ് ഞങ്ങള്‍.
എനിക്ക് ധാരാളം കാറ്റും വെളിച്ചവുമൊക്കെ കടന്നു ചെല്ലുന്ന തുറന്ന അകത്തളങ്ങളുള്ള വീടുകളോടാണ് പ്രിയം. പ്രിയപ്പെട്ട ഇടങ്ങള്‍ക്കൊക്കെ അത്യാവശ്യം സ്വകാര്യതയും ഉണ്ടാകണം. ഏതെങ്കിലും ഒരു ശൈലിയോടുമാത്രം താല്പര്യമില്ല, എല്ലാ ശൈലികളില്‍ നിന്നും നല്ല അംശങ്ങള്‍ തിരഞ്ഞെടുത്ത ഒരു വീടാണെന്റെ സ്വപ്നം. പ്ലാന്‍ വരയ്ക്കാനും മേല്‍നോട്ടം നല്‍കാനും മറ്റൊരാളെ വയ്‌ക്കേണ്ട എന്ന ഗുണവുമുണ്ടേ... എന്റെ ക്രിയേറ്റീവ് കഴിവുകള്‍ എല്ലാം പുതിയ വീടിന്റെ നിര്‍മാണത്തില്‍ വാരിക്കോരി വിതറാനാണ് പ്ലാന്‍.
നല്ല കോംപറ്റീഷനുളള മേഖലയാണ് കേരളത്തിലെ ആര്‍ക്കിടെക്ച്ചര്‍ ഫീല്‍ഡ്. കേരളത്തിലെ മികച്ച ആര്‍ക്കിടെക്ടുകളുടെ വര്‍ക്കുകളൊക്കെ ശ്രദ്ധിക്കാറുണ്ട്. ആര്‍ക്കിടെക്ച്ചര്‍ ഹിസ്റ്ററി എനിക്ക് പ്രിയപ്പെട്ട മേഖലയാണ്. അതും ശ്രദ്ധിക്കാറുണ്ട്.
സുരരൈ പൊട്രിന് കിട്ടിയ അംഗീകാരം മികച്ച ടീം വര്‍ക്കിന്റെ ഫലമെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. സംവിധായിക സുധാ കൊങ്കരയുടെ നേതൃത്വ പാടവവും എടുത്തു പറയേണ്ടതാണ്. ഒന്നുമറിയാതെയാണ് താന്‍ സിനിമയിലേക്ക് വന്നത് , ഇനിയും ഏറെ പഠിച്ച് നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കണമെന്ന് ആഗ്രഹമുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് തന്നെത്തേടി എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.
ഞാന്‍ അത്യാഹ്ലാദത്തിലാണ്. പതിവില്ലാതെ വീട്ടില്‍ നിന്ന് വിട്ടിട്ട് ഉത്തരം എന്ന സിനിമയുടെ സെറ്റിലാണ്. ഈ ഒരു അനുഭവം തന്നെ ആദ്യമായിട്ടാണ്. നിങ്ങളെല്ലാം ഇവിടെയെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. രാവിലെ മുതലേ ടെന്‍ഷന്‍ ഉണ്ടായിരുന്നു. അവാര്‍ഡ് കിട്ടണം എന്ന് സംവിധായിക സുധ മാമിനു വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം മാം ഇതിനു വേണ്ടി വര്‍ക്ക് ചെയ്തിട്ടുണ്ട്. സുധാ മാം എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണമാണ് ഞാനിപ്പോ ഇവിടെ നില്‍ക്കുന്നത്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. എനിക്ക് ഒരുപാട് സമയം തന്നിരുന്നു.
ഇനിയും സിനിമ ഒരുപാട് പഠിക്കാനുണ്ട്. ഞാന്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ ഒരു രംഗത്ത് വന്നത്. 'ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല' എന്ന എന്റെ ഡയലോഗു പോലെ തന്നെ. ഇനിയും ഒരുപാട് പഠിക്കണം നല്ല സിനിമകള്‍ ചെയ്യണം നല്ല കഥാപത്രങ്ങള്‍ ചെയ്യണം എന്നുണ്ട്. എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.
" f
https://www.facebook.com/Malayalivartha