വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ... അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ; ഇന്ത്യയുടെ വിജയം 3 റണ്‍സിന്; ഇന്ത്യ വന്‍ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും സഞ്ജു അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തി

വളരെ നാളുകള്‍ക്ക് ശേഷം ഇന്ത്യ മിന്നുന്നൊരു വിജയം നേടി. അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തില്‍ അവസാനം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. വെസ്റ്റ് ഇന്‍ഡീസിനായി മയേര്‍സ് 75 (68 പന്ത്), ബ്രാണ്ടന്‍ കിങ് 54 (66 പന്ത്), ബ്രൂക്‌സ് 46 (61 പന്ത്), നിക്കോളാസ് പുരാന്‍ 25 (26 പന്ത്) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. അവസാന നിമിഷങ്ങളില്‍ ഷെപേര്‍ഡ് 25 പന്തില്‍ 39 റണ്‍സ്, അകീല്‍ ഹൊസൈന്‍ 32 പന്തില്‍ 33 റണ്‍സ് എടുത്ത് വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ മൂന്ന് റണ്‍സിന് ജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 119 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വെറും 14 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്താന്‍ ഇവര്‍ക്ക് സാധിച്ചു. ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. 36 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി നേടി. പിന്നാലെ ധവാന്‍ 53 പന്തുകളില്‍ നിന്ന് അര്‍ധശതകം കുറിച്ചു.
എന്നാല്‍ 18ാം ഓവറില്‍ ഗില്‍ റണ്‍ ഔട്ടായി. 53 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത ഗില്ലിനെ നിക്കോളാസ് പൂരന്‍ റണ്‍ ഔട്ടാക്കുകയായിരുന്നു. ഗില്ലിന് പകരം ശ്രേയസ് അയ്യര്‍ ക്രീസിലെത്തി. ശ്രേയസും നന്നായി കളിക്കാന്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. 31.3 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. പക്ഷേ ടീം സ്‌കോര്‍ 213ല്‍ നില്‍ക്കേ ധവാന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഗുഡകേഷ് മോട്ടിയാണ് ധവാനെ പുറത്താക്കിയത്. അര്‍ഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. മോട്ടിയുടെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച ധവാനെ ഷമാര്‍ ബ്രൂക്‌സ് മികച്ച ക്യാച്ചിലൂടെ പുറത്താക്കി. 99 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 97 റണ്‍സാണ് ധവാന്‍ നേടിയത്.
ധവാന് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. സൂര്യകുമാറിനൊപ്പം ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രേയസ് ശ്രമിച്ചു. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ ശ്രേയസ് മടങ്ങി. 57 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ശ്രേയസിനെ ഗുഡകേഷ് മോട്ടിയുടെ പന്തില്‍ നിക്കോളാസ് പൂരന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് പുറത്താക്കി.
ധവാന്‍ പുറത്തായ ഉടന്‍ തന്നെ ശ്രേയസും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ശ്രേയസിന് പകരം മലയാളിതാരം സഞ്ജു സാംസണ്‍ ക്രീസിലെത്തി. സൂര്യകുമാറും സഞ്ജുവും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താനായി ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ട് വിജയിച്ചില്ല. 13 റണ്‍സെടുത്ത സൂര്യകുമാറിനെ അകിയല്‍ ഹൊസെയ്ന്‍ ബൗള്‍ഡാക്കി. സൂര്യകുമാറിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് പിഴുതു. സഞ്ജു സാംസണ്‍ 12, ദീപക് ഹൂഡ 27, അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് നേടി. പുറത്താകാതെ ശാര്‍ദുല്‍ താക്കൂര്‍ 7, മുഹമ്മദ് സിറാജ് 1 റണ്‍സും നേടി.
ആദ്യം ബാറ്റ് ചെയ്ത് 308 റണ്‍സ് നേടിയ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച വെസ്റ്റിന്‍ഡീസ് മൂന്ന് റണ്‍സ് അകലെ വീണു. അവസാന ഓവറില്‍ 15 റണ്‍സായിരുന്നു വിജയലക്ഷ്യം.
കാര്യങ്ങള്‍ ഇന്ത്യ കരുതിയത് പോലെയായിരുന്നില്ല. ഓപ്പണര്‍ കൈല്‍ മെയേഴ്‌സിന്റെ അര്‍ധ സെഞ്ചറി (75) വിന്‍ഡീസിന് മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ ബ്രണ്ടന്‍ കിങ്ങും (54) തിളങ്ങി. അവസാന 10 ഓവറില്‍ ജയിക്കാന്‍ വേണ്ടത് 90 റണ്‍സ്. ട്വന്റി20 ശൈലിയില്‍ ബാറ്റുവീശിയ റൊമാരിയോ ഷെപ്പേര്‍ഡ് (39 നോട്ടൗട്ട്), അകീല്‍ ഹുസൈന്‍ (32 നോട്ടൗട്ട്) എന്നിവര്‍ ഇന്ത്യന്‍ ബൗളിങ് നിരയെ വിറപ്പിച്ചു.
എന്നാല്‍ കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് വിന്‍ഡീസിന്റെ വിജയം തടഞ്ഞു. ഇന്ത്യക്കുവേണ്ടി സിറാജ്, ശര്‍ദൂല്‍ താക്കൂര്‍, ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
"
https://www.facebook.com/Malayalivartha