ഒന്നും അറിഞ്ഞിരുന്നില്ല... നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു; സാക്ഷിപ്പട്ടികയില്‍ കാവ്യാ മാധവനില്ല; ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍; ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍, മറച്ചുവയ്ക്കല്‍ കുറ്റം കൂടി

നടിയെ ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്നലെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സിനിമാ രംഗത്തുള്ളവര്‍ ഉള്‍പ്പെടെ 110 പേരെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയും വ്യവസായിയുമായ ശരത് ജി. നായരെ 15ാം പ്രതിയാക്കി. 1500 പേജുള്ള കുറ്റപത്രത്തില്‍ ദിലീപിനെതിരെ തെളിവ് നശിപ്പിക്കല്‍, തെളിവ് മറച്ചുവയ്ക്കല്‍ (ഐ.പി.സി 204, 201 ) എന്നീ കുറ്റങ്ങള്‍ അധികമായി ചുമത്തി.
അതേസമയം ആശ്വാസം നല്‍കുന്നത് ദിലീപിന്റെ ഭാര്യ കാവ്യമാധവന്‍ സാക്ഷിപ്പട്ടികയിലില്ല. നടന്‍ ചെമ്പന്‍ വിനോദ്, സംവിധായകന്‍ ആഷിക് അബു, മേക്കപ്പ് ആര്‍ട്ടിസ്റ്ര് രഞ്ജു രഞ്ജിമാര്‍, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മാതാവ് ശോഭന, സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്റെ വീട്ടിലെ മുന്‍ ജീവനക്കാരന്‍ ദാസന്‍, സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കര്‍, കാവ്യ മാധവന്റെ മാതാവ് ശ്യാമള, പിതാവ് മാധവന്‍ തുടങ്ങിയവരെ ഉള്‍പ്പെടെയാണ് പുതുതായി സാക്ഷികളാക്കിയത്.
നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തിലേതടക്കം ആകെ സാക്ഷികള്‍ 138. നടി മഞ്ജു വാര്യര്‍ പ്രധാന സാക്ഷികളില്‍ ഒരാളാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശം എത്തിയെങ്കിലും ഇത് തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ വിവരം പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ ജനുവരി നാലിനാണ് തുടരന്വേഷണം ആരംഭിച്ചത്. ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ 350 രേഖകളാണ് തുടരന്വേഷണത്തില്‍ പിടിച്ചെടുത്തത്. വിവിധ സാക്ഷി മൊഴികള്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചു കണ്ടെന്ന് നടന്‍ ചെമ്പന്‍ വിനോദ്. വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ ദിലീപ് ഒത്താശ ചെയ്‌തെന്ന് ആഷിഖ് അബു. പള്‍സര്‍ സുനി ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീടിന്റെ ഭാഗത്തുനിന്ന് വരുന്നത് കണ്ടെന്ന് രഞ്ജു രഞ്ജിമാര്‍. വിവിധ ഘട്ടങ്ങളില്‍ പ്രത്യേക സംഘം ശേഖരിച്ച ദിലീപിന്റെ ശബ്ദരേഖകള്‍ മഞ്ജു വാര്യര്‍ തിരിച്ചറിഞ്ഞു.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു വിചാരണ കോടതിയുടെ പക്കലിരിക്കെ മൂന്നുതവണ മാറിയത് പ്രത്യേകമായി അന്വേഷിക്കും. മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് കുറ്രപത്രത്തില്‍ പറയുന്നു. കണ്ടെത്തലുകള്‍ പ്രത്യേക റിപ്പോര്‍ട്ടായി വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം നടിയെ ആക്രമിച്ച് അശ്‌ളീലദൃശ്യം പകര്‍ത്തിയ കേസില്‍ തുടരന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ച അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടു. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നു ചോദിച്ച ഹൈക്കോടതി, അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ പിഴ ചുമത്തേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി.
തുടരന്വേഷണം സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നുമാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം പറഞ്ഞത്. ഹര്‍ജിയില്‍ ദിലീപിനെ കക്ഷി ചേര്‍ത്തു.
ദിലീപിനെ കക്ഷിയാക്കുന്നതിനെ അതിജീവിത എതിര്‍ത്തെങ്കിലും തനിക്കെതിരെ ആരോപണമുള്ളതിനാല്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു.
" f
https://www.facebook.com/Malayalivartha