തെളിവുകൾ ഉണ്ട് സാർ... ആലുവയിലെ വീട്ടിൽ വച്ച് ദിലീപ് അവർക്കൊപ്പം ദൃശ്യങ്ങൾ കണ്ടിരുന്നു: അനൂപിന്റെ ഫോണിലെ തെളിവുകളെക്കുറിച്ച് ക്രൈംബ്രാഞ്ച്

ആലുവയിലെ വീട്ടിൽ വച്ച് 2017ൽ ശരത്തിനും മറ്റു ചിലർക്കുമൊപ്പം നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ശരത്തിനും മറ്റു ചിലർക്കുമൊപ്പം ദിലീപ് കണ്ടതിന് താൻ ദൃക്‌സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ചതായി കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച്. ഇന്നലെ കേസ് വിചാരണക്കോടതി പരിഗണിച്ചപ്പോൾ മജിസ്ട്രേട്ട് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷൻ അറിയിച്ചു. 27 ന് കേസ് വീണ്ടും പരിഗണിക്കും മുമ്പ് കുറ്റപത്രം വിചാരണക്കോടതിയിൽ എത്തും.
ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വി ഐ പി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്‍റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിലടക്കം അന്വേഷണം തുടരുമെന്നാണ് സൂചന. മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫൊറൻസിക് തെളിവുകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം അന്വേഷിക്കാൻ കൂടുതൽ സമയം വിചാരണക്കോടതിയും ഹൈക്കോടതിയും അനുവദിച്ചില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha