ഇനി ഉത്തരം... അപര്‍ണ ബാലമുരളിയെ തേടി അഭിനന്ദന പ്രവാഹം; പുരസ്‌കാരത്തിന്റെ ഞെട്ടല്‍ മാറിയിട്ടില്ലെന്ന് അപര്‍ണ; ഒരു കൊണ്ട് ദിവസം ജീവിതം മാറ്റിമറിച്ചു; ഫോണ്‍ കാള്‍ ഹിസ്റ്ററി തന്നെ മാറി; രണ്ട് ഓഡിഷന്‍ കഴിഞ്ഞാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്

ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് അപര്‍ണ ബാലമുരളി. ചെറു പ്രായത്തില്‍ തേടിയെത്തിയ ദേശീയ പുരസ്‌കാരം അപര്‍ണയുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ്. ദേശീയ പുരസ്‌കാരത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ 'ഇനി ഉത്തരം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അപര്‍ണ.
പ്രേക്ഷകരോടും ചിത്രം വിശ്വസിച്ചേല്പിച്ച സുധാ കെ. പ്രസാദിനോടുമാണ് നന്ദി പറയാനുള്ളത്. ഒരു കൊണ്ട് ദിവസം ജീവിതം മാറ്റിമറിച്ചു. ഫോണ്‍ കാള്‍ ഹിസ്റ്ററി തന്നെ മാറി. പല സൂപ്പര്‍ താരങ്ങളും വിളിച്ചും മെസേജ് അയച്ചും അഭിനന്ദിച്ചു. രണ്ട് ഓഡിഷന്‍ കഴിഞ്ഞാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഒരുവര്‍ഷം ട്രെയിനിംഗുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞായിരുന്നു ഷൂട്ടിംഗെന്നും അപര്‍ണ പറഞ്ഞു.
ചിത്രം തിയേറ്ററില്‍ ഇറങ്ങാത്തതില്‍ വിഷമം തോന്നിയിരുന്നു. സൂര്യയെപ്പോലൊരു വലിയ നടനൊപ്പം അഭിനയിച്ച ചിത്രം സൂര്യ ഫാന്‍സിനൊപ്പം കാണാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു കാരണം. ജനങ്ങളെ സ്വാധീനിക്കുന്ന ചിത്രങ്ങള്‍ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. മലയാളത്തില്‍ നിന്ന് അത്തരത്തിലുള്ള ചിത്രങ്ങള്‍ വന്നിട്ടുണ്ട്. സുരറൈ പോട്രിനായി ഒരു വര്‍ഷം ഇടവേള എടുത്തിരുന്നു.
ചിത്രം റിലീസായ രാത്രി ആദ്യം വിളിച്ചത് ജയറാമേട്ടനും കാളിദാസുമാണ്. ദേശീയ അവാര്‍ഡ് ലഭിച്ചതുകൊണ്ട് ഇനി ചിത്രങ്ങള്‍ ലഭിക്കാതെ പോകുമോ എന്ന ഭയം ചെറുതായിട്ടുണ്ട്. മലയാളത്തില്‍ സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ വരുന്നുണ്ട്. മലയാളചിത്രത്തില്‍ പ്രതിഫലത്തിന്റെ പേരില്‍ സ്ത്രീകളോട് വിവേചനം ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ ലഭിക്കുന്ന ശമ്പളം തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നാണ് താന്‍ നോക്കുന്നതെന്നും അപര്‍ണ പറഞ്ഞു.
അതേസമയം പൃഥ്വിരാജ് ,ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തില്‍നിന്ന് മഞ്ജു വാര്യര്‍ പിന്‍മാറി. പകരം അപര്‍ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കും. അജിത്തിന്റെ നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഡേറ്റ് ക്‌ളാഷ് കാരണമാണ് മഞ്ജുവാര്യര്‍ പിന്‍മാറിയത്.
രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന അജിത് സിനിമ. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളി ഇതാദ്യമായാണ് ഷാജി കൈലാസിന്റെയും പൃഥ്വിരാജിന്റെയും ചിത്രത്തിന്റെ ഭാഗമാവുന്നത് എന്ന പ്രത്യേകതയുണ്ട്.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ അടുത്തദിവസം അപര്‍ണ ജോയിന്‍ ചെയ്യും. ഇനി ഉത്തരം എന്ന ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രം ഒ.ടി. ടി റിലീസിന് ഒരുങ്ങുന്നുണ്ട്. അതേസമയം അന്ന ബെന്നാണ് കാപ്പയില്‍ മറ്റൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ദേശീയ പുരസ്‌കാരം നേടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അപര്‍ണ പറഞ്ഞു. സത്യത്തില്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഈ ഒരു എക്‌സ്പീരിയന്‍സ് തന്നെ ആദ്യമായിട്ടാണ്. പതിവില്ലാതെ വീട്ടില്‍ നിന്നും വിട്ടിട്ട് ഉത്തരം സിനിമയുടെ ലൊക്കേഷനിലാണ്. ലോക്ക്ഡാണ്‍ സമയത്താണ് സിനിമ ഇറങ്ങിയത്. അന്ന് രാത്രി തന്നെ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. രാവിലെ മുതല്‍ എനിക്ക് ടെന്‍ഷനായിരുന്നു. എല്ലാവരും വന്നിട്ട് അവസാനം അവാര്‍ഡ് കിട്ടാതേ പോകോയെന്ന്. സുധാ മാമിന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു അവാര്‍ഡ് കിട്ടണമെന്ന്. സുധാ മാം എന്നില്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടുമാത്രമാണ് ഇവിടെ നില്‍ക്കുന്നത്. ഒരു നടിയെന്ന നിലയില്‍ വര്‍ക്ക് ചെയ്യാനുള്ള സമയം അവര്‍ തന്നു. അതില്‍ എനിക്ക് പറ്റുന്ന അത്രയും ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് വര്‍ക്ക് ചെയ്യണമെന്നുണ്ട് എന്നും അപര്‍ണ പറയുന്നു.
https://www.facebook.com/Malayalivartha