വൈറലായി പിടിയിലായി... അര്‍ധരാത്രിയില്‍ വീട്ടില്‍ കൂട്ടയടി നടത്തിയവരുടെ വീഡിയോ വൈറലായി; സംഘത്തെ കയ്യോടെ പൊക്കി ദുബായ് പൊലീസ്; പിടിയിലായത് ആഫ്രിക്കന്‍ സ്വദേശികളായ ഏഴുപേര്‍

വിദേശ രാജ്യങ്ങളില്‍ പോയാല്‍ അവിടത്തെ രീതികളനുസരിച്ച് കഴിയണം. അല്ലെങ്കില്‍ വിവരമറിയം. അതൊക്കെ മലയാളികളെ കണ്ട് പഠിക്കണം. നാട്ടില്‍ എന്തൊക്കെ വേലത്തരങ്ങള്‍ കാണിച്ചാലും ഗള്‍ഫിലെത്തിയാല്‍ ഇതുപോലെ പഞ്ചപാവമില്ല. അതിനാല്‍ തന്നെ അവര്‍ ജീവിച്ചു പോകുന്നു.
അതിനിടെ ദുബായില്‍ ഒരു സംഭവമുണ്ടായിരിക്കുകയാണ്. അര്‍ധരാത്രിയില്‍ വസതിയില്‍ രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ പൊതുസ്ഥലത്ത് വഴക്കിടുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
ആഫ്രിക്കന്‍ സ്വദേശികളായ ഏഴു പേരാണ് പിടിയിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. തര്‍ക്കത്തിനിടെ പ്രതികളില്‍ ചിലര്‍ വാഹനങ്ങളുടെ ചില്ലുകള്‍ ആയുധമുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെയെല്ലാം വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ സ്വദേശികള്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത് എന്നാണ് വിവരം. അസ്വീകാര്യമായ ഇത്തരം പെരുമാറ്റത്തിനെതിരെ ദുബായ് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുപോലുള്ള നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ സര്‍വീസ്' വഴിയോ എമര്‍ജന്‍സി ഹോട്ട്‌ലൈന്‍ നമ്പറായ 999ല്‍ വിളിച്ചോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.
ഇത്തരം വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കി. കിംവദന്തികള്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള 2021ലെ യുഎഇ ഫെഡറല്‍ നിയമം നമ്പര്‍ 34 ലെ ആര്‍ട്ടിക്കിള്‍ 52 അനുസരിച്ച് നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതുതാല്‍പ്പര്യത്തിനോ ദേശീയ സമ്പദ്‌വ്യവസ്ഥയ്‌ക്കോ പൊതു ക്രമത്തിനോ പൊതുജനാരോഗ്യത്തിനോ ഹാനി വരുത്തിയാല്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ.
തെരുവില്‍ വാക്കേറ്റത്തിനിടെ യുവാക്കള്‍ ആയുധങ്ങളുമായി പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ക്കുന്നതും ബഹളം വെക്കുന്നതും ദൃശ്യത്തില്‍ കാണാമായിരുന്നു. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ദുബായ് പൊലീസ് അറിയിച്ചു.
അതേസമയം യുഎഇയില്‍ അസഹനീയമായി ചൂട് വര്‍ധിക്കുന്നതിനാല്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തി. മുതിര്‍ന്നവര്‍ക്ക് പോലും സഹിക്കാനാകാത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകരുതെന്ന് അബുദാബി പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. കടയില്‍ പോകുന്നതിനും മറ്റുമായി അല്‍പനേരത്തേക്കാണെങ്കില്‍പോലും മാതാപിതാക്കള്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കും.
വേനല്‍ക്കാലത്ത് ചൂടായിക്കിടക്കുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നതിന്റെ അപകടം ബോധ്യപ്പെടുത്താന്‍ അബുദാബി പൊലീസ് വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഉറങ്ങുന്ന കുട്ടിയെ കാറില്‍ തനിച്ചാക്കി ഷോപ്പിങ് മാളിലേക്ക് കയറിപ്പോവുന്ന പിതാവിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഇങ്ങനെ കാറിനുള്ളില്‍ അടക്കപ്പെടുന്ന കുട്ടികളുടെ ഇടപെടല്‍ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വാഹനത്തിനുള്ളിലെ ചൂടുമൂലം അവര്‍ക്ക് ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനും ഇടയുണ്ട്. മോഷ്ടാക്കളും ഇത്തരം സാഹചര്യങ്ങളെ മുതലെടുത്തേക്കാം. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കള്‍ക്ക് പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവും ശിക്ഷ ലഭിച്ചേക്കുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha