നടുറോഡിലെ വിദ്യാർത്ഥികളുടെ റീൽസും പുഷപ്പും കണ്ട് സഹികെട്ടെന്ന് നാട്ടുകാർ; മണ്ണാർക്കാട് വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഇടപെടലുമായി സി ഡബ്ല്യൂ സി രംഗത്ത്

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരിൽ സദാചാര പോലീസിങ്ങ് നടന്നെന്ന് പരാതി നൽകിയ വിദ്യാർത്ഥികൾക്കെതിരെ പരാതിയുമായി നാട്ടുകാർ. അപകടകരമാംവിധം വിദ്യാർത്ഥികൾ റോഡിൽവെച്ച് റീൽസ് ഷൂട്ട് ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതുമാണ് തടഞ്ഞതെന്ന് നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. ഏറെ അപകടങ്ങൾ നടന്ന പ്രദേശത്ത് മറ്റ് യാത്രക്കാർക്ക് പോലും അപകടം വരുത്തി വക്കുന്ന രീതിയിലാണ് കുട്ടികൾ പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു.
പലതവണ വലിയ അപകടങ്ങൾ ഉണ്ടാകുകയും നിരവധി പേർ മരിക്കുകയും ചെയ്ത മേഖലയാണിത്. റീൽസിനായി റോഡിൽ കിടന്ന് പുഷപ്പ് എടുത്തെന്നും റോഡ് മുറിച്ച് കടക്കുന്ന രീതിയിൽ പല തവണ ഫോട്ടോ ഷൂട്ടുകൾ നടത്തിയെന്നുമാണ് നാട്ടുകാരുടെ പരാതി. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോൾ കുട്ടികൾ നാട്ടുകാരോട് കയർക്കുകയാണ് ചെയ്തത്. ആഴ്ചകൾക്ക് മുമ്പ് റീലിസിന് വേണ്ടി സമീപത്തെ കടയിൽ നിന്ന് കസേര എടുത്ത് നടുറോഡിൽ ഇരുന്നെന്നും, ഇത് നാട്ടുകാർ വിലക്കിയെന്നും പറയുന്നു. സ്‌കൂളിലെ അധ്യാപകരോട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന്റെ പേരിൽ കുട്ടികൾക്ക് നേരെ ആക്രമണമുണ്ടായതെന്ന് വിദ്യാർത്ഥികൾ പരാതി നൽകിയത്. 5 പെൺകുട്ടികളും 5 ആൺകുട്ടികളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിനെ നാട്ടുകാരെന്ന് പറഞ്ഞെത്തിയ യുവാക്കള്‍ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടികളെ തടഞ്ഞ്, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെ സഹപാഠികളായ ആൺകുട്ടികൾ ചോദ്യം ചെയ്തു. തുടർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പരുക്കേറ്റ പാലക്കാട് കരിമ്പ ഹൈസ്കൂളിലെ അഞ്ച് വിദ്യാർത്ഥികളും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ കുട്ടികളെ മർദ്ദിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് വിദ്യാർഥികൾ കല്ലടിക്കോട് പോലീസിൽ പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെയാണ് മർദ്ദനമേറ്റത്. മർദ്ദിച്ചവർ ആളുകളെത്തുന്നത് കണ്ട് പിൻവാങ്ങിയെന്നും തങ്ങൾക്ക് നേരെ സദാചാര പോലിസിങ്ങാണ് നടന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
അതേ സമയം വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഇടപെടലുമായി സി ഡബ്ല്യൂ സി രംഗത്തെത്തി. നാളത്തെ സിറ്റിങ്ങിൽ വിഷയം ചർച്ച ചെയ്യുമെന്ന് സി ഡബ്ല്യൂ സി ചെയർമാൻ അറിയിച്ചു. വിഷയത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha