ഗോവയില്‍ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതോടെ വിദേശത്ത് കടക്കാൻ ശ്രമിച്ച് പോലീസ് പിടിയിലായി യുവാവ്
ഗോവയിൽ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ആറു ലക്ഷത്തിലധികം രൂപതട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഗോവയില്‍ വച്ച് പരിചയപ്പെട്ട പോസ്റ്റൽ വകുപ്പിൽ ജോലിചെയ്യുന്ന കൊടുമ്പ് സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ തുടർന്ന സൗഹൃദത്തിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 2020 മുതൽ പലപ്പോഴായി ആറുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സൗത്ത് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ അനന്തുവിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു.
സൗത്ത് ഇൻസ്പക്ടർ ടി.ഷിജു എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. അനന്തുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha