സ്വർണക്കടത്തുകേസിൽ അപ്രതീക്ഷിത നീക്കവുമായി സ്വപ്ന, എന്‍.ഐ.എ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടു കിട്ടണമെന്ന് ആവശ്യം ഉന്നയിച്ച് ഉടന്‍ കോടതിയെ സമീപിക്കും, ഫോണിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്ക് തെളിയിക്കാനുള്ള നിർണ്ണായക വാട്ട്സ് ആപ് ചാറ്റുകളുണ്ടെന്ന് സ്വപ്ന

എൻ.ഐ.എ റെയ്ഡിൽ പിടിച്ചെടുത്ത ഐ ഫോൺ വിട്ടുകിട്ടണമെന്ന അവശ്യവുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരിക്കുകയാണ്.ഫോൺ വിട്ടു കിട്ടാൻ സ്വപ്ന ഉടൻ തന്നെ കോടതിയെ സമീപിക്കും. ഈ ഫോൺ ഹാജരാക്കാൻ എൻഐഎയ്ക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അടുത്ത ദിവസം സ്വപ്ന എൻഐഎ കോടതിയെ സമീപിക്കുന്നത്. കാണാതായ ഐ ഫോണിന്‍റെ കോഡ് അടക്കമുള്ള രേഖകൾ ലഭിച്ചാൽ ഉടൻ കോടതിയിൽ ഹർജി നൽകും.
ബംഗളൂരുവിൽ സ്വപ്ന സുരേഷ് പിടിയിലായതിന് പിന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൻ.ഐ.എ സ്വപ്നയുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഇത്തരത്തിൽ പിടിച്ചെടുത്ത ഫോണുകളിൽ ഒരു ഐ ഫോൺ മഹസർ രേഖയിൽ ഉൾപ്പെടുത്താതെ മുക്കിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. ഈ ഐ ഫോണിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരായ തെളിവുകൾ ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്ന അവകാശപ്പെടുന്നത്.
ഇത് കൂടാതെ സ്വർണ്ണക്കടത്തിൽ ശിവശങ്കറും താനും നടത്തിയ സംഭാഷണങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവരുടെ പങ്കും തെളിയിക്കാനുള്ള നിർണ്ണായക വാട്ട്സ് ആപ് ചാറ്റുകളും ഇമെയിൽ രേഖകളും ഈ ഫോണിൽ ഉണ്ടെന്നാണ് സ്വപ്നയുടെ ആരോപിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്.
തന്നെ കാണാനെത്തിയ ഘടത്തിൽ എം ശിവശങ്കർ ഈ ഫോൺ ഉപയോഗിച്ച് പുതിയ ഇ മെയിൽ ഐഡിയുണ്ടാക്കി കോൺസുൽ ജനറലിനടക്കം ഇ മെയിലുകൾ അയച്ചിട്ടുണ്ടെന്നും പലതിനും ഇതിൽ മറുപടി എത്തിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നുണ്ട്. ഫോൺ ലഭിച്ചാൽ ഈ രേഖകൾ വീണ്ടെടുക്കാനാകും. എന്നാൽ തെളിവ് പുറത്ത് വരാതിരിക്കാൻ ഉദ്യോഗസ്ഥർ ഫോൺ മനപ്പൂർവ്വം മാറ്റിയതാണെന്നും സ്വപ്ന ആരോപിക്കുന്നു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളോട് എൻഐഎ അധികൃതർ പ്രതികരിച്ചിട്ടില്ല.
അതേസമയം സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റണമെന്ന ഇഡിയുടെ ആവശ്യത്തിനെതിരെ എം.ശിവശങ്കർ സുപ്രീംകോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. കേസിൽ ശിവശങ്കറെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോടതി മാറ്റാൻ ഇഡി അപേക്ഷ നൽകിയത്.
ഇഡിയുടെ അപേക്ഷയിൽ എന്തെങ്കിലും ഉത്തരവ് പുറപ്പടുവിക്കുന്നതിനു മുൻപു തന്റെ വാദം കേൾക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. ഈ മാസം ആറിനാണ് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം.വിചാരണാനടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയായിരുന്നു ഇഡിയുടെ നിർണായക നീക്കം.
https://www.facebook.com/Malayalivartha