ഡി.സി.സി ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും, ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്, വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ വ്യാപക പ്രതിഷേധം

ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ്. നിയമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികൾ അറിയിച്ചു . ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ധർണ സംഘടിപ്പിക്കും.മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂർ തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു.ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ കളങ്കിതനായ വ്യക്തിയാണെന്നും ആലപ്പുഴയിലെ നിയമനം റദ്ദാക്കണമെന്നും എ.എ. ഷുക്കൂറും ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം. കൊലപാതകം പോലെയുള്ള ദാരുണമായ മരണമായിരുന്നു അത്. അത്തരത്തില്‍ കളങ്കിതനായ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കണം. നിയമനത്തിന് പിന്നില്‍ മറ്റുചില താത്പര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. കുറ്റാരോപിതനായ ഒരു വ്യക്തിക്ക് ജില്ലയുടെ പൂര്‍ണ അധികാരം നല്‍കിയതിന്റെ കാരണം മനസിലാകുന്നില്ലെന്ന് കെ.സി. വേണുഗോപാലും പറഞ്ഞു.
ശ്രീറാമിന്റെ നിയമനത്തിനെതിരേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരും മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബും ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയാന്‍പോലും അഹങ്കാരം അനുവദിക്കാത്തയാളെ ജില്ലാ കളക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നതാണെന്നായിരുന്നു സലീം മടവൂരിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്.
ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്ത് 3ന് മൂന്നു വര്‍ഷം തികയുമ്ബോള്‍ കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കലക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു.. എന്തൊരു ശിക്ഷ!എം.എം.മണി അന്ന് എഫ്.ബി പോസ്റ്റില്‍ പറഞ്ഞതെത്ര ശരി..! ഐ.എ.എസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കിയില്ല... ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്! എന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.
കൊവിഡ് കാലത്ത് സസ്പെൻഷൻ പിൻവലിച്ച് ആരോഗ്യ വകുപ്പ് ജോയിന്‍റ് ഡയറക്ടറായി വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം ഐ.എ.എസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്. ഇവിടുത്തെ കളക്ടറായ, രേണു രാജിനെ എറണാകുളത്തേക്കും എറണാകുളം കളക്ടറായിരുന്ന ജാഫര്‍ മാലികിന് പിആര്‍ഡി ഡയറക്ടറായും മാറ്റിയത്.
https://www.facebook.com/Malayalivartha