പെട്ടത് രണ്ടാം തവണ.... പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലുമെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് പണംതട്ടുന്ന മൂന്നുപേര്‍ പോലീസ് പിടിയില്‍

പെട്ടത് രണ്ടാം തവണ.... പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലുമെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് പണംതട്ടുന്ന മൂന്നുപേര്‍ പോലീസ് പിടിയില്‍.
ആലപ്പുഴ, അമ്പലപ്പുഴ തെക്കേ ആര്യനാട് കാഞ്ഞിരംചിറ ബംഗ്ളാവുപറമ്പില്‍ ഷെരീഫ് (61), ചങ്ങനാശ്ശേരി വാഴപ്പള്ളി കിഴക്ക് ചാമപ്പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (74), ആലപ്പുഴ മണ്ണഞ്ചേരി കണ്ണമ്പള്ളി വെളിയില്‍വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (62) എന്നിവരെയാണ് പിടികൂടിയത്.
അഞ്ചാലുംമൂട്ടിലുള്ള മിലന്‍ എന്ന പെട്രോള്‍ പമ്പില്‍ രണ്ടാംതവണയും തട്ടിപ്പിനെത്തിയപ്പോഴാണ് സംഘം വലയിലായത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്താലാണ് പമ്പ് ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞത്. മേയ് ഏഴിന് വൈകുന്നേരം മൂന്നംഗസംഘമെത്തി ഇവിടെ നിന്ന് പണം കവര്‍ന്നിരുന്നു.
ഒരാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനിടെ മറ്റ് രണ്ടുപേര്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടതറിഞ്ഞ് ജീവനക്കാര്‍ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ മൂന്നംഗസംഘമാണ് തട്ടിപ്പു നടത്തിയതെന്നു കണ്ടെത്തി. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. സമാനരീതിയില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂന്നുപേര്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചത് മനസ്സിലാക്കിയ പമ്പ് ജീവനക്കാര്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു.
മുമ്പ് തട്ടിപ്പു നടത്തിയ സംഘമാണിതെന്നു മനസ്സിലാക്കി മൂന്നുപേരെയും തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസില്‍ അറിയിച്ചു. പോലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് തട്ടിപ്പുകാരെ തിരിച്ചറിയുകയും ചെയ്തു.
തട്ടിപ്പു നടത്തി ലഭിക്കുന്ന പണം മൂന്നുപേരും തുല്യമായി വീതിച്ചെടുക്കാറ് പതിവ്. ഇവര്‍ സമാനമായ രീതിയില്‍ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതായി ചോദ്യംചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തി. മുമ്പ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലും തട്ടിപ്പു നടത്തിയതിന് അമ്പലപ്പുഴ, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസ് നിലവിലുണ്ട്.
"
https://www.facebook.com/Malayalivartha