സ്വയം മുറിവേല്പിക്കും, ശ്വാസതടസ്സമുണ്ടാകുമ്പോള്‍ കൃത്രിമശ്വാസോച്ഛാസം നല്‍കി സാധാരണനിലയിലേക്ക് കൊണ്ടുവരും:- ഭർതൃഗൃഹത്തില്‍ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനിടെ യുവതിയെ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന(22)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. പള്ളിത്തോട്ടം പോലീസാണ് അന്വേഷണം തുടങ്ങിയത്. സംഭവം നടക്കുമ്പോൾ രണ്ടരവയസ്സുള്ള മകള്‍ ആമിനയുടെ ഭർത്താവിന്റെ മാതാവിനൊപ്പമായിരുന്നു.
അഞ്ചുമണിയോടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആമിനയെ അബ്ദുള്‍ ബാരിയും ബന്ധുക്കളും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വിദേശത്തായിരുന്ന അബ്ദുള്‍ ബാരി മൂന്നര വര്‍ഷം മുമ്പാണ് ആമിനയെ വിവാഹം കഴിച്ചത്. വിവാഹശേഷം അബ്ദുള്‍ ബാരി നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു.
ആമിനയ്ക്ക് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നതായും കൊല്ലത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതായും അബ്ദുള്‍ ബാരി പറയുന്നു. ആമിന സ്വയം മുറിവേല്‍പ്പിക്കാറുണ്ടായിരുന്നെന്നും ശ്വാസതടസ്സമുണ്ടാകുമ്പോള്‍ കൃത്രിമശ്വാസോച്ഛാസം നല്‍കിയാണ് സാധാരണനിലയിലേക്ക് കൊണ്ടുവന്നിരുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ആമിനയുടെ മരണത്തിൽ പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് ആമിനയുടെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ആമിനയുടെ മുഖത്തെ പാടില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.
ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. പോലീസും ഫൊറന്‍സിക് വിദഗ്ധരും അബ്ദുള്‍ ബാരിയുടെ വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കുരീപ്പള്ളി തൂമ്പുവിള ഹൗസില്‍ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീലാബീവിയുടെയും മകളാണ് ആമിന. കബറടക്കം ജോനകപ്പുറം പള്ളിയില്‍ നടന്നു.
https://www.facebook.com/Malayalivartha