"ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുത്', ജില്ലാ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം, ആലപ്പുഴ കലക്‌ടറുടെ എഫ്‌ബി പേജിന്റെ കമന്റ് പൂട്ടി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കളക്‌ടറുടെ ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് പൂട്ടി. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന്റെ കമന്റ് ബോക്സ് ആണ് ഡീആക്‌ടിവേറ്റ് ചെയ്തത്.നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കുകയുമായിരുന്നു.
മാധ്യമപ്രവർത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോൺഗ്രസ് ഉൾപ്പെടെ നടപടിക്കെതിരെ രംഗത്തെത്തി. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റ് ധർണ സംഘടിപ്പിക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ട്രാൻസ്‌പോർട്ട് വാഹനങ്ങളെ നിയന്ത്രിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
ജില്ലകളിൽ അതിന്‍റെ ചെയർമാൻ ജില്ലാ കളക്ടർ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമൻ വരുന്നു എന്നതും പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടുന്നുണ്ട്.ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമൻ. നിലവിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ പദവിയിലേക്ക് നിയമിച്ചതിൽ പ്രതിഷേധം വ്യാപകമാണ്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല,കോണ്‍ഗ്രസ് നേതാവ് എ.എ. ഷുക്കൂർ തുടങ്ങിയവർ നിയമനത്തിൽ പ്രതിഷേധമറിയിച്ചു. മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha