കോട്ടൺഹിൽ സ്കൂൾ വിറപ്പിച്ച് രക്ഷിതാക്കൾ; മ്യൂസിയം പോലീസ് തിരിച്ചറിയൽ പരേഡ് നടത്തും

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവത്തിൽ റാഗിങിന് ഇരയായ വിദ്യാർഥിനികളുടെ രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധിച്ചു. ആക്രമണം നടത്തിയ സീനിയർ വിദ്യാർത്ഥിനികൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാൽ പ്രിൻസിപ്പാൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ചെറിയ സംഭവത്തെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാൻ ആർ പ്രദീപ് പറഞ്ഞു. സ്കൂളിനെ തകർക്കാനുള്ള മന:പൂർവ്വമായുള്ള ശ്രമമെന്നാണ് അധ്യാപക രക്ഷകർതൃ സമിതിയുടെ ആരോപണം. പരിക്കേറ്റ ഒരു വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.
ഉച്ചഭക്ഷണത്തിന് ശേഷം ടോയ്‌ലറ്റിലേക്ക് പോയ അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വച്ച് മുതിർന്ന കുട്ടികൾ തടഞ്ഞു നിറുത്തി കൈയുടെ ഞരമ്പ് മുറിക്കുമെന്നും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അദ്ധ്യാപകരോട് പറഞ്ഞത്.
കളർ ഡ്രസിൽ മാസ്‌ക്ക് ധരിച്ച ചേച്ചിമാരാണ് തങ്ങളെ ഭയപ്പെടുത്തിയതെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. ഇതോടെ യു.പി വിഭാഗത്തിലെ അദ്ധ്യാപകർ ഹയർ സെക്കൻഡറി വിഭാഗത്തിലെത്തി അദ്ധ്യപകരോട് വിവരം പറഞ്ഞു. തുടർന്ന് റാഗിംഗിന് വിധേയരായ കുട്ടികളെ ഹയർ സെക്കൻഡറി ക്ലാസുകളിലെത്തിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാസ്‌ക്ക് ധരിച്ചിരുന്നതിനാലാണ് മുഖം തിരിച്ചറിയാൻ കഴിയാതത്തതെന്നാണ് വിവരം.
ഇന്ന് മ്യൂസിയം പൊലീസ് സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു.
സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേ സമയം മുതിർന്ന വിദ്യാർഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആരോപണ വിധേയരായ കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പരാതിയിൽ സ്കൂളിലെത്തി വിവര ശേഖരണം നടത്തിയ ശേഷം റിപ്പോർട്ട് നൽകും. ഒപ്പം മഫ്തിയിൽ വനിതാ പോലീസിന്റെ സാന്നിധ്യം സ്കൂളിൽ ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പരാതി ഉന്നയിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha



























