ആലപ്പുഴ കുളമാകുമോ... ക്രിമിനല്‍ കേസില്‍ പ്രതിയായി വിചാരണ നേരിടാന്‍ ഒരുങ്ങുന്ന ശ്രീറാം വെങ്കിട്ടരാമനെ വിപുലമായ അധികാരങ്ങളുള്ള കലക്ടര്‍ പദവിയിലേക്ക് നിയമിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്; മറവി രോഗം ഇത്രപെട്ടന്ന് മാറിയോയെന്ന് വിമര്‍ശനം

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ മൂലം മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കൊല്ലപ്പെട്ടത് വളരെയേറെ ചര്‍ച്ചയായതാണ്. അവസാനം ചികിത്സയിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണം ശ്രീറാമിന് പ്രത്യേക കാര്യങ്ങള്‍ ഓര്‍ക്കാന്‍ കഴിയാത്ത പ്രത്യേക രോഗമാണെന്ന്. കാലം മാറി ആ മറവി രോഗവും മാറി. കുട്ടപ്പനായി ആലപ്പുഴ കളക്ടറായി.
പത്രക്കാരുടേയും പ്രതിപക്ഷത്തിന്റെയും ഭാഗത്ത് നിന്ന് കനത്ത വിമര്‍ശനമാണ് വരുന്നത്. വിവാദമായ കേസില്‍ കോടതി നടപടികള്‍ നേരിടുന്നയാളെ കലക്ടര്‍ പദവിയില്‍നിന്ന് ഒഴിവാക്കുന്ന പതിവുരീതി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ തെറ്റിയിരിക്കുകയാണ്. ക്രിമിനല്‍ കേസില്‍ പ്രതിയായി വിചാരണ നേരിടാന്‍ ഒരുങ്ങുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ് വിപുലമായ അധികാരങ്ങളുള്ള കലക്ടര്‍ പദവിയിലേക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യവകുപ്പില്‍നിന്ന് ആലപ്പുഴ കലക്ടറായാണ് നിയമനം. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ അധികാരമാണു കലക്ടര്‍ക്കുള്ളത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇല്ലെങ്കില്‍ പ്രതികളെ ഏഴു ദിവസംവരെ ജില്ലാ മജിസ്‌ട്രേറ്റിന്റെ എക്‌സിക്യൂട്ടിവ് മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിച്ച് റിമാന്‍ഡ് ചെയ്യാന്‍ കലക്ടര്‍ക്കാകും. റിമാന്‍ഡ് കാലാവധി നീട്ടാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും.
കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (കാപ്പ) കേസിലെ പ്രതികളുടെ പട്ടിക തയാറാക്കി സര്‍ക്കാരിനു കൈമാറുന്നതും ക്രിമിനലുകളെ ജില്ലയില്‍ പ്രവേശിക്കാതെ വിലക്കുന്നതും കലക്ടറാണ്. ആംസ് ആക്ട്, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് തുടങ്ങിയവയിലൊക്കെ പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് കലക്ടറാണ്. ജില്ലയിലെ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനുള്ള പാനല്‍ അംഗീകരിച്ച് കൈമാറുന്നതും കലാപമുണ്ടായാല്‍ വെടിവയ്ക്കാനുള്ള അനുമതി നല്‍കുന്നതും കലക്ടറാണ്. സിആര്‍പിസി (20) അനുസരിച്ചാണ് കലക്ടര്‍ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരം കൊടുക്കുന്നത്. കേഡി ലിസ്റ്റില്‍ ക്രിമിനലുകളെ ഉള്‍പ്പെടുത്തുന്നതു കലക്ടറാണ്. കേഡി ലിസ്റ്റില്‍പ്പെടുന്നവര്‍ ബോണ്ടുവച്ച് ജാമ്യത്തിനായി അപേക്ഷിക്കേണ്ടതും കലക്ടര്‍ക്കു മുന്നിലാണ്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ, 201 വകുപ്പുകളും മോട്ടര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും ഒപ്പമുണ്ടായിരുന്ന വഫയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചു വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെയുള്ളത്.
10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ആരംഭിക്കാനായിട്ടില്ല. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനുമായിട്ടില്ല. ഇതിനിടെ വഫ വിടുതല്‍ ഹര്‍ജിയും ഫയല്‍ ചെയ്തു.
സെപ്റ്റംബര്‍ രണ്ടിനാണ് ഒന്നാം അഡി.സെഷന്‍സ് കോടതി ഇനി കേസ് പരിഗണിക്കുന്നത്. വാഹനാപകടം നടന്നശേഷം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍നിന്നും ഒരു പൊലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ ശ്രീറാം തന്നെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയില്‍ ശ്രീറാമിനു മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തി.
തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തിയ ശ്രീറാം, ജനറല്‍ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്കു പോകാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനയ്ക്കായി രക്തമെടുക്കാന്‍ ശ്രീറാം അനുവദിച്ചില്ല. ഇക്കാര്യം നഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിനു കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണു വഫയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിനു ഉണ്ടായ അപകടത്തിലാണ് കെ.എം.ബഷീര്‍ മരിച്ചത്. ശ്രീറാ ആലപ്പുഴ കളക്ടറായതോടെ എല്ലാം വീണ്ടും ചികയുകയാണ് മാധ്യമങ്ങള്‍.
"
https://www.facebook.com/Malayalivartha