മൈനര്‍ കാമുകിയെ കാണാനെത്തി ഭവന കൈയ്യേറ്റക്കേസില്‍ കുടുങ്ങിയ സംഭവം... മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും ഭവന കൈയ്യേറ്റവും , 19 കാരനായ പിറവം സ്വദേശിയെ ഹാജരാക്കാത്ത ശ്രീകാര്യം സിഐ നേരിട്ട് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവ്

ശ്രീകാര്യത്തെ മൈനര്‍ പെണ്‍കുട്ടിയോട് ഇന്റര്‍നെറ്റിലൂടെ പൂവാലശല്യവും രാത്രിയില്‍ ഭവന കൈയ്യേറ്റവും നടത്തിയെന്ന കേസില്‍ 19 കാരനായ പിറവം സ്വദേശിയെ ഹാജരാക്കാത്ത ശ്രീകാര്യം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ടു ഹാജരാകാന്‍ തലസ്ഥാന ജില്ലാ പോക്‌സോ കോടതി ഉത്തരവിട്ടു. മനപ്പൂര്‍വ്വമായ അനുസരണക്കേടിന് നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനും സിഐയോട് കോടതി ഉത്തരവിട്ടു.
പ്രതിയെ ഹാജരാക്കാന്‍ ജൂണ്‍ 13 , ജൂണ്‍ 29 തീയതികളിലായി രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഉത്തരവ് പാലിക്കുകയോ പാലിക്കാത്ത കാരണം ബോധിപ്പിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാത്തതിനാലാണ് സി ഐ നേരിട്ടു ഹാജരാകാന്‍ പോക്‌സോ ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടത്. കോടതി ഉത്തരവുകള്‍ക്ക് വില കല്‍പ്പിക്കാത്ത സി ഐ യുടെ നിഷ്‌ക്രിയത്വം നിരുത്തരവാദിത്വവും ഗുരുതരമായ കൃത്യ വിലോപവും ബോധപൂര്‍വ്വമായ അനുസരണക്കേടുമാണെന്ന് കോടതി നിരീക്ഷിച്ചു.
കേരള പോലീസ് നിയമത്തില്‍ പോലീസിന്റെ ഡ്യൂട്ടികളില്‍ നിഷ്‌ക്കര്‍ശിക്കുന്ന പരമ പ്രധാന ഡ്യൂട്ടി കോടതിയുടെ സമന്‍സ് , വാറണ്ടുത്തരവുകള്‍ നടപ്പിലാക്കലാണെന്നും കോടതി നിരീക്ഷിച്ചു.
ഓഡിയോ ക്ലിപ്പുകള്‍ , ശബ്ദ സാമ്പിളുകള്‍ , മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് ഒക്ടോബര്‍ 29 ന് ഹാജരാക്കാന്‍ എഫ് എസ് എല്‍ ഡയറക്ടറോടും കോടതി ഉത്തരവിട്ടു. എറണാകുളം പിറവം സ്വദേശി റിജോഷിനെ ഒക്ടോബര്‍ 29 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. സമൂഹമാധ്യമം വഴിപരിചയപ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തുകയും രാത്രി പതുങ്ങിയിരുന്ന് ഭവന കൈയ്യേറ്റം നടത്തിയെന്നുമാണ് കേസ്.
2021 ഒക്ടോബര്‍ 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൗഡിക്കോണം സ്വദേശിനിയായ 15 കാരി പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണില്‍ റിജോഷ് നിരന്തരം സന്ദേശം അയച്ച് പരിചയപ്പെടുകയും തുടര്‍ന്ന് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയ്യേറ്റം നടത്തിയെന്നും കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോക്‌സോ കേസ്. 19 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 - ഡി ( ഒരു സ്ത്രീ ഇന്റര്‍നെറ്റോ ഇ-മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചു കൊണ്ടുള്ള പൂവാലശല്യക്കുറ്റം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയ്യേറ്റവും ഭവനഭേദനവും) , പോക്‌സോ നിയമത്തിലെ 12 , 11 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി കേസെടുത്തത്.
"
https://www.facebook.com/Malayalivartha