കോട്ടൺഹിൽ സ്കൂൾ ഞെട്ടിക്കുന്നു...ഹെഡ്മാസ്റ്റർ ചാരായക്കേസ് റിമാന്‍ഡ് പ്രതി: വിദ്യാർത്ഥികളുടെ ബാഗിൽ കഞ്ചാവും ബീഡിയും! സ്‌കൂളിനെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിച്ചത് കാതലായ വിഷയങ്ങളില്‍ കൃത്യമായി ഇടപെടാത്ത ഹെഡ്മാസ്റ്ററുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്ത സംഭവം വിവാദമായതോടെ പുറത്ത് വരുന്നത് നടുക്കുന്ന റിപ്പോർട്ടുകൾ. സ്‌കൂളിലെ പ്രധാനാധ്യാപകനായ വിന്‍സെന്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററായ വിന്‍സെന്റ് കോവിഡ് കാലത്ത് ചാരായക്കേസിലെ റിമാന്‍ഡ് പ്രതിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നിലുണ്ടെന്നും, ചാരായക്കേസിൽ സസ്‌പെൻഷനിൽ ആയിരുന്നുവെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിടുന്നു. 2020ല്‍ ചാരായം കടത്തിയ കേസില്‍ പോലീസ് പുറത്തു വിട്ട ഫോട്ടോയടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടത്. ഇടതുപക്ഷ അധ്യാപക സംഘടനയായ കെ എസ് ടി എ നേതാവായ വിന്‍സെന്റിന്റെ കേസില്‍ അധികൃതര്‍ കണ്ണടച്ചതിനാലാണ് സസ്‌പെന്‍ഷന് ശേഷം കോട്ടണ്‍ഹില്‍ പോലുള്ള സംസ്ഥാനത്തെ പ്രധാനപ്പെട്ട സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി എത്താന്‍ കഴിഞ്ഞതായി ആരോപിക്കുന്നത്.
അതേ സമയം കുട്ടികൾക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രതിഷേധം തുടരുന്നതിനിടയിൽ അതിക്രമത്തിന് ഇരയായ കുട്ടിയുടെ പേരടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറഞ്ഞ് സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും സി പി എം നേതാവുമായ പ്രദീപ് രംഗത്തെത്തിയിരുന്നു. കുട്ടിയുടെ പേര് പുറത്ത് വിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് തന്നെ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയതായി രക്ഷകർത്താക്കൾ ആരോപിക്കുന്നു.
പ്രതിഷേധവുമായി സ്‌കൂളിലെത്തിയ രക്ഷിതാക്കളോട് സംഭവത്തെക്കുറിച്ച് തിരക്കാന്‍ പ്രധാനാധ്യാപകന്‍ തയ്യാറായില്ലെന്നും, സ്‌കൂളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന തരത്തില്‍ കാര്യങ്ങള്‍ നിസാരവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഹെഡ്മാസ്റ്ററുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അവർ ആരോപിക്കുന്നു. റാഗിംഗ് വാര്‍ത്ത പുറത്തു വന്നതോടെ നിരവധി കുട്ടികളുടെ രക്ഷിതാക്കളാണ് സമാനമായ പരാതിയുമായി മുന്നോട്ട് വന്നിട്ടുളളത്.
പുറത്ത് പോലും പറയാൻ പോലും പറ്റാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്ന് സ്കൂളിൽ നിന്നും ടി സി വാങ്ങിയ കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. സ്കൂൾ വിട്ടുവന്ന മകൾ കിറുങ്ങിയ അവസ്ഥയിലായിരുന്നുവെന്നും, ചോദിച്ചപ്പോൾ ബീഡി വലിപ്പിച്ചു എന്നുമായിരുന്നു മറുപടി. കൂട്ടുകാരിയുടെ ബാഗിൽ നിന്ന് സിഗരറ്റ് പാക്കറ്റ് കിട്ടിയെന്നും, ഇളയ മകളെ ബാത്‌റൂമിൽ കൊണ്ടുപോയി ഡ്രെസ്സിലൂടെ ശരീരത്ത് സ്പർശിക്കുമെന്നും കുട്ടി പറഞ്ഞതായി ആ അമ്മ പറയുന്നു.
സ്‌കൂളിന്റെ കാതലായ വിഷയങ്ങളില്‍ കൃത്യമായി ഇടപെടാതെ ഹെഡ്മാസ്റ്ററുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണ് സ്‌കൂളിനെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്ന് രക്ഷകർത്താക്കൾ പ്രതികരിക്കുന്നു. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയെങ്കിലും ചെറിയ വിഷയങ്ങള്‍ പെരുപ്പിച്ച് കാണിച്ച് സ്‌കൂള്‍ വികസന സമിതിയുടെ നിലപാടിനെ സാധൂകരിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും കൈക്കൊണ്ടത്. തങ്ങളുടെ പരാതികള്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമായി കാണാതെ കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും വിദ്യാര്‍ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുമാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൈഞരമ്പ് മുറിക്കുമെന്നും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തള്ളിയിടുമെന്നും മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞതായി റാഗിങിന് ഇരയായ കുട്ടികള്‍ പരാതിയില്‍ പറയുന്നു. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു.
എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ആരോപണ വിധേയരായ കുട്ടികൾ 18 വയസ്സിന് താഴെയുള്ളവരായതിനാൽ കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha