സോഷ്യൽ മീഡിയയിലൂടെ വാടകക്കൊലയാളിയെ കണ്ടെത്തി പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി മകൻ

പിതാവിന്റെ സമ്പാദ്യത്തിൽ കണ്ണുടക്കിയ മകൻ സോഷ്യൽ മീഡിയയിലൂടെ വാടകക്കൊലയാളിയെ കണ്ടെത്തി ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവപുരിയിലെ പിച്ചോർ പട്ടണത്തിലാണ് സംഭവം. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ചതോടെ മകനൊപ്പം താമസമാക്കിയ മഹേഷ് ഗുപ്തയാണ് (59 ) ഉറങ്ങിക്കിടക്കുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുപ്തയുടെ മകൻ അങ്കിത് (32), സുഹൃത്ത് നിതിൻ ലോധി, ബിഹാറിൽനിന്നുള്ള വാടകക്കൊലയാളി അജിത് സിങ് എന്നിവരെ അറസ്റ്റ് ചെയ്തു.
മൂന്നാം നിലയിൽ അച്ഛൻ വെടിയേറ്റ് മരിക്കുമ്പോൾ താഴത്തെ നിലയിൽ താൻ ഉറക്കത്തിലായിരുന്നുവെന്ന് മകൻ നൽകിയ മൊഴിയാണ് ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കാൻ കാരണം. വ്യാഴാഴ്ച രാത്രി ഭാര്യയോടും മക്കളോടും താഴത്തെ നിലയിൽ കിടന്നുറങ്ങാൻ അങ്കിത് നിർദ്ദേശിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ കൊലയാളി മുകൾ നിലയിൽ കയറി അവിടെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹേഷിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
വെടിയുതിർക്കുന്ന ശബ്ദം കേട്ടല്ലോ എന്ന് പറഞ്ഞ ഭാര്യയോട് അത് ഇടിവെട്ടിയതാകാമെന്ന് അങ്കിത് പറഞ്ഞതായി ഭാര്യ പറയുന്നു. മദ്യപാനവും ചൂതാട്ടവും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന അങ്കിതിന് പണം നൽകാൻ പിതാവ് വിസമ്മതിച്ചിരുന്നു. ഇതിൽ കുപിതനായ അങ്കിത് ഓൺലൈനിൽ തപ്പിക്കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്കിലൂടെ അജിത് സിങ്ങിന്റെ ഗുണ്ടാസംഘത്തെ ക്വട്ടേഷനായി തെരഞ്ഞെടുക്കുകയായിരുന്നു. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ സുഹൃത്ത് ലോധിയുടെ സഹായവും ഇയാൾ തേടി. മഹേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഒരുലക്ഷം രൂപയാണ് വാഗ്‌ദാനം ചെയ്തത്.
അജിത് സിങ്ങിന്റെ അക്കൗണ്ടിൽ 10,000 രൂപ ഈ മാസം 12ന് ഇട്ടുകൊടുക്കുകയും, ഝാൻസി റെയിൽവേ സ്റ്റേഷനിലെത്തിയ സിങ്ങിനെ അങ്കിതും ലോധിയും ചേർന്നു ശിവപുരിയിലെ ലഭേദ തിരഹയിൽ താമസിപ്പിക്കുകയും ചെയ്തു. പണം നൽകാനോ കൊലപാതക പദ്ധതിയെക്കുറിച്ച് അറിയിക്കാനോ അജിത്ത് സിംഗ് ആവശ്യപ്പെട്ടപ്പോൾ, പണം ക്രമീകരിക്കാൻ കഴിയാത്തതിനാൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷെ പണം തനിക്ക് കിട്ടണമെന്ന് അജിത്ത് സിംഗ് പറഞ്ഞതിനാൽ വീണ്ടും കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ തോക്കും വെടിയുണ്ടകളും ലോധി ഏർപ്പാടാക്കിയെന്നാണ് ആരോപണം. സൈനികനായിരുന്ന മറ്റൊരു മകൻ അനിൽ ഗുപ്ത ആത്മഹത്യചെയ്തതിന് ശേഷം ഒരുകോടി രൂപ നഷ്ടപരിഹാരമായി മഹേഷിന് ഈയിടെ കിട്ടിയിരുന്നു. ഈ പണവും മാസാമാസം കൈയ്യിൽ കിട്ടുന്ന പെൻഷനിലും കണ്ണുവെച്ചാണ് അങ്കിത് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നൽകി.
https://www.facebook.com/Malayalivartha