സാറന്മാർക്ക് പണിയായി! വടകര കസ്റ്റഡി മരണത്തിൽ പോലീസുകാർക്ക് എതിരെ കൂട്ട നടപടി...

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കൂട്ട നടപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വടകര സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും കൂട്ടത്തോടെ സ്ഥലം മാറ്റി. 28പേരെയാണ് സ്ഥലം മാറ്റിയത്. പകരക്കാരടക്കം 56പേരുടെ സ്ഥലംമാറ്റത്തിനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. കസ്റ്റഡി മരണത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനാണ്. സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തൽ.
നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. മരിച്ച സജീവനോട് മാനുഷിക പരിഗണന പോലീസുകാര്‍ കാണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് സജീവൻ സുഹൃത്തുക്കളുമായി സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി തർക്കം നടന്നത്. തുടർന്ന് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരിൽ സജീവനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സജീവനൊപ്പം സുഹൃത്തുക്കൾക്കും കസ്റ്റഡിയിൽ വച്ച് മർദ്ദനമേറ്റിരുന്നു.
മദ്യപിച്ചിരുന്നുവെന്ന് സമ്മതിച്ചിട്ടും എസ് ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. സ്റ്റേഷനില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ സജീവൻ കുഴഞ്ഞുവീഴുകയായിരുന്നു. സ്റ്റേഷന്‍ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്. പുലർച്ചെ 2.30നായിരുന്നു അബോധാവസ്ഥയിലായ സജീവനെ ആശുപത്രിയിൽ എത്തിക്കുന്നത്. അരമ ണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ ഏറെനേരം കിടന്ന സജീവനെ പോലീസുകാർ തിരിഞ്ഞ് നോക്കിയില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ വെളിപ്പെടുത്തിയിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ട സജീവന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ ഇരുത്തിയിരുന്നതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. പൊലീസ് വാഹനം ഉണ്ടായിട്ടും അതില്‍ കൊണ്ടുപോകാനോ ആംബുലന്‍സ് വിളിക്കാനോ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ടായി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഹരിദാസിന്റെ നേതൃത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രദേശത്ത് വന്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ സസ്പെന്‍ഷനും നടപടിയും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha