'സംസാരിക്കാനാവില്ലെങ്കിലും അവറ്റകളുടെ ഭാഷ നമുക്ക് മനസ്സിലാക്കാം...' പന്നികളെ കൊല്ലുന്നു എന്നത് വിശ്വസിക്കാൻ കഴിയാതെ മക്ക; രാപകൽഭേദമന്യേ ഫാമിൽ കഴിച്ചുകൂട്ടുന്ന മക്കയ്ക്ക് ഇത് സ്വന്തം ലോകമാണ്...

‘എട്ടുമാസമായി ഈ പന്നികളും കൂടുമായി ഇടപഴകുന്നു, ചോറുനൽകുന്ന ജോലി എന്നതിലപ്പുറം മിണ്ടാപ്രാണികളെ പരിപാലിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സംസാരിക്കാനാവില്ലെങ്കിലും അവറ്റകളുടെ ഭാഷ നമുക്ക് മനസ്സിലാക്കാം. ഓടിച്ചാടി ഉന്മേഷത്തോടെ നടക്കുന്ന ഇവറ്റകളെ എന്തിനാണ് ഒന്നടങ്കം കൊല്ലുന്നത്’?- എന്ന് മുറിമലയാളത്തിലും ഹിന്ദിയിലുമായി പറയുമ്പോൾ തന്നെ മക്കയുടെ കണ്ണുകൾ നിറയുകയായിരുന്നു.
രാപകൽഭേദമന്യേ തന്നെ ഫാമിൽ കഴിച്ചുകൂട്ടുന്ന മക്കയ്ക്ക് പന്നികളെ കൊല്ലുന്നു എന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പന്നികളെല്ലാം കൂടൊഴിയുമെന്നതറിഞ്ഞതോടെ സാധാരണ ദിവസങ്ങളെക്കാളും കൂടുതൽ നേരവും ഫാമിലായിരുന്നു മക്ക കഴിച്ചുകൂട്ടിയത്. അതോടൊപ്പം കൂടെ ജോലിചെയ്യുന്ന ദുർഗയുടെയും സ്ഥിതി മറിച്ചല്ല. സുഹൃത്തുക്കളും പശ്ചിമ ബംഗാൾ സ്വദേശികളുമായ മക്കയും ദുർഗയും ജോലി അന്വേഷിച്ചാണ് കേരളത്തിലെത്തിച്ചേർന്നത്. രണ്ടാൾക്കും തവിഞ്ഞാൽ കൊളങ്ങോട് ഫാമിൽത്തന്നെ ജോലികിട്ടിയപ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു. ഇവർ ഫാമിനു സമീപത്തായി ഉടമ നിർമിച്ചുനൽകിയ ഷെഡിലാണ് ഇരുവരും മക്കൾക്കും ഭാര്യമാർക്കുമൊപ്പം കഴിയുന്നത്.
അങ്ങനെ കൊന്നൊടുക്കിയ പന്നികളിൽ ഗർഭിണികളായ ഒട്ടേറെ പന്നികളുമുണ്ടായിരുന്നു. കൊല്ലുമെന്നുറപ്പായപ്പോൾ തന്നെ ഗർഭിണികളെ മാത്രം എങ്ങോട്ടെങ്കിലും മാറ്റണമെന്ന് മുതലാളിയോട് ആവശ്യപ്പെട്ടെങ്കിലും അവരും ഒന്നുംചെയ്തിരുന്നില്ല. നല്ല സുഖത്തോടും സമാധാനത്തോടെയുമാണ് ഇവിടെ ഇവർ ജീവിച്ചിരുന്നത്. ഫാമിലേക്ക് പുറത്തുനിന്ന് ആരും ഇവിടെ എത്താറുണ്ടായിരുന്നില്ല. ഭക്ഷണം നൽകി പോറ്റിവളർത്തുന്നതല്ലാതെ ഞങ്ങൾ പന്നികളെ കൊല്ലാറില്ല. പന്നികളെ വാങ്ങാൻ എത്തുന്നവരെപ്പോലും ഫാമിനടുത്ത് പ്രവേശിപ്പിക്കാറില്ല, പിന്നെങ്ങനെ രോഗംവരാനാണ്?- എന്നു പറഞ്ഞപ്പോൾ ദുർഗയുടെ കണ്ഠമിടറി.
https://www.facebook.com/Malayalivartha