സ്വര്‍ണത്തിളക്കത്തില്‍.... അഞ്ചാംതവണയും റെക്കോഡ് തിരുത്തിയ അര്‍മാന്‍ഡ് ഡുപ്ലെന്റിസിന് പോള്‍വോള്‍ട്ടില്‍ വീണ്ടും ചരിത്രം...

സ്വര്‍ണത്തിളക്കത്തില്‍.... അഞ്ചാംതവണയും റെക്കോഡ് തിരുത്തിയ അര്‍മാന്‍ഡ് ഡുപ്ലെന്റിസിന് പോള്‍വോള്‍ട്ടില്‍ വീണ്ടും ചരിത്രം...
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് സ്വീഡിഷ് താരം. പുരുഷന്‍മാരുടെ പോള്‍വോള്‍ട്ടില്‍ 6.21 മീറ്ററാണ് പുതിയ ഉയരം. കൂടെ മത്സരിച്ച ഒരാള്‍ക്കുപോലും ആറ് മീറ്റര്‍ മറികടക്കാനായില്ല.
ലോക മീറ്റില്‍ ഇരുപത്തിരണ്ടുകാരന്റെ ആദ്യ സ്വര്‍ണമാണിത്. ദോഹയില്‍ വെള്ളിയായിരുന്നു. ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി. ഇന്‍ഡോറിലും ഡുപ്ലെന്റിസിന്റെ പേരിലാണ് ലോക റെക്കോഡ്. മുന്‍ ഒളിമ്പിക് ചാമ്പ്യനും ലോക റെക്കോഡുകാരനുമായ റെനൗദ് ലാവില്ലെനിയ്ക്ക് ഇക്കുറി മെഡല്‍ മേഖലയില്‍ എത്താനായില്ല.
അമേരിക്കയുടെ ക്രിസ്റ്റഫര്‍ നീല്‍സെനാണ് (5.94) വെള്ളി. വെങ്കലം ഫിലിപ്പീന്‍സിന്റെ ഏണെസ്റ്റ് ജോണ്‍ ഒബിയെനയ്ക്കാണ് (5.94). ഡുപ്ലെന്റിസ് 5.70 മീറ്ററിലാണ് മത്സരം ആരംഭിച്ചത്.
5.87 മീറ്ററിലായിരുന്നു അടുത്ത പോരാട്ടം. എന്നാല്‍, ആദ്യശ്രമം പാഴായി. രണ്ടാംശ്രമത്തില്‍ കീഴടക്കി. തുടര്‍ന്ന് 5.94, 6, 6.06 എന്നിങ്ങനെ മുന്നേറി. 6.21 മീറ്റര്‍ താണ്ടാനുള്ള ആദ്യശ്രമം വിജയം കണ്ടില്ല. രണ്ടാമത്തേതില്‍ കീഴടക്കി.ബെല്‍ഗ്രേഡില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ കുറിച്ച 6.20 മീറ്ററാണ് ഡുപ്ലെന്റിസ് യൂജിനില്‍ മറികടന്നത്.
https://www.facebook.com/Malayalivartha