കോൺഗ്രസിന് വൈകിയുദിച്ച ബുദ്ധി...! ആൾബലമില്ലാതിരിക്കെ മുന്നണി ശാക്തീകരണം ഒരിക്കലും സാധ്യമല്ല, കോൺഗ്രസ് നിലംപൊത്തിക്കൊണ്ടിരിക്കുന്ന വടവൃക്ഷമാണെന്ന തിരിച്ചറിവിൽ അണികളും അനുഭാവികളും...!

അണികളും ആരവവും നഷ്ടമായ കേരളത്തിലെ കോൺഗ്രസിന് വൈകിയുദിച്ച ബുദ്ധിയാണ് യുഡിഎഫ് മുന്നണി വിപുലീകരണം. കെഎം മാണിയുടെ കാലം മുതൽ യുഡിഎഫിന് ശക്തി പകർന്ന കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ മടത്തിയെത്തിക്കാതെ മധ്യകേരളത്തിൽ രക്ഷപ്പെടില്ലെന്ന് കോൺഗ്രസിന് വൈകിയാണ് ബോധോദയമുണ്ടായിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ അടിയോടെ യുഡിഎഫിന് നഷ്ടമാകാൻ കാരണം കേരള കോൺഗ്രസ് എമ്മിന്റെ വിട്ടുപോകലാണെന്ന് സീറ്റുനഷ്ടങ്ങളിൽ നിന്ന് വ്യക്തമായി. അതേ സമയം യുഡിഫിനൊപ്പം നിലകൊണ്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തൊടുപുഴയിലും കടുത്തുരുത്തിയുമല്ലാതെ വിജയിച്ച് യുഡിഎഫിനെ ശക്തിപ്പെടുത്താനായതുമില്ല. മലപ്പുറത്തും കോഴിക്കോട്ടും മുസ്ലീം ലീഗ് പഴയ കരുത്ത് കാട്ടിയില്ലെന്നു മാത്രമല്ല പരമ്പരാഗത സീറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.
കോൺഗ്രസിനെ സ്വയം ശക്തിപ്പെടുത്തുകയും നേതാക്കളെയും അണികളെയും ഒപ്പം നിറുത്തുകയും ചെയ്യാൻ സാധിക്കാത്ത കോൺഗ്രസാണ് കേരളത്തിൽ യുഡിഎഫിനെ ശക്തിപ്പെടുത്താൻ വൈകി തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കോൺഗ്രസിൽ രാജിവച്ചുപോയ നേതാക്കളുടെ എണ്ണം അൻപതിനു മുകളിലാണ്.
ബൂത്തു തലം മുതൽ കോൺഗ്രസ് അതി ദുർബലമായ നിലയിലാണെന്നും യുഡിഎഫിന് ഗ്രാമതലത്തിൽ കെട്ടുറപ്പും ആൾബലവുമില്ലെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കുന്നു.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ കോൺഗ്രസിലെ അണികളിൽ 15 ശതമാനത്തോളം പേർ ഒളിഞ്ഞും തെളിഞ്ഞും ബിജെപിയിലേക്ക് ചേക്കേറിയതും കോൺഗ്രസിന് പരമ്പരാഗത സീറ്റുകൾ നഷ്ടപ്പെടുന്നതിന് കാരണമായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആറു സീറ്റുകളിൽ ബിജെപി നേടിയ വളർച്ചയാണ് അവിടെ കോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.
നേതാക്കൾ തമ്മിൽ ഐക്യമില്ലാതെ ഗ്രൂപ്പും ഉപഗ്രൂപ്പുമായി കഴിയുന്ന കോൺഗ്രസിന് യുഡിഎഫിനെ ശക്തിപ്പെടുത്തുക നിലവിൽ എളുപ്പമല്ല. യുഡിഎഫിനുള്ളിൽ തന്നെ മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും അത്രയേറെ തൃപ്തിയിലല്ല. ആർഎസ്പി പോലുള്ള ചെറു കക്ഷികളും യുഡിഎഫിൽ സുരക്ഷിതരല്ലെന്ന തിരിച്ചറിവിലാണ്.
യുഡിഎഫ് വിട്ടുപോയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇന്ന് ഇടതുമുന്നണിയിൽ അസംതൃപ്തരല്ല. ആറ് എംഎൽഎമാരും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പുസ്ഥാനവുമുള്ള മാണി വിഭാഗത്തിന് അടുത്തയിടെ രാജ്യസഭാ എംപി സ്ഥാനവും ലഭിച്ചു. മധ്യകേരളത്തിൽ ഇടതുമുന്നണിയുടെ അടിത്തറയായി മാറിയ മാണി വിഭാഗത്തിന്റെ ബലമാണ് നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അപ്രതീക്ഷിത നേട്ടമായത്.
മാണി വിഭാഗത്തെ എൽഡിഎഫിൽ കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎയുമായ വിഎൻ വാസവനാണ്. എൽഡിഎഫിൽ കേരള കോൺഗ്രസ് എമ്മിനെ എടുക്കുന്നതിൽ സിപിഐ കടുത്ത മുറുമുറുപ്പ് പ്രകടിപ്പിച്ചെങ്കിലും സിപിഎമ്മിന്റെ വല്യേട്ടൻ നയത്തിനു മുന്നിൽ അവർക്ക് നിശബ്ദരാകേണ്ടിവന്നു.
കാലങ്ങളായി സിപിഐ മത്സരിച്ചിരുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റിനു വേണ്ടി കാനം രാജേന്ദ്രൻ ഏറെ അവകാശ വാദം ഉന്നയിച്ചെങ്കിലും ആ സീറ്റ് മാണി വിഭാഗത്തിന് വിട്ടുകൊടുക്കേണ്ടിവന്നു. മാണി വിഭാഗം എൽഡിഎഫിൽ വന്നതിനുശേഷം സിപിഐ ഒരിക്കൽപോലും മുറുമുറുപ്പോ ഭിന്നതയോ പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ മാണി വിഭാഗം ഉടനെയൊന്നും ഇടതുമുന്നണി വിട്ടുപോരാൻ സാധ്യതയും സാഹചര്യവുമില്ല.
സിപിഎമ്മിനോട് മാണി വിഭാഗം കൂട്ടുചേർന്നതിൽ ക്രൈസ്തവ സഭാ നേതൃത്വത്തിന് എതിർപ്പുണ്ടാകുമെന്ന വിമർശനവും രാഷ്ട്രീയ തലത്തിൽ ചലനമുണ്ടാക്കിയില്ല. ദേശീയതലത്തിൽ തകർന്നു തരിപ്പണമായി വിലാസം പോലും നഷ്ടമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് കേരളത്തിൽ മാത്രമായി എന്തു ശക്തിപ്പെടുത്തൽ നടത്താനാണെന്ന ചോദ്യമാണ് ബാക്കിയുള്ളത്.
പ്രതിപക്ഷം എന്ന നിലയിൽപോലും വേണ്ടത്ര മുന്നണി ഐക്യം നിലവിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും മുസ്ലീം ലീഗും തമ്മിലില്ല.
എൻസിപി അംഗം മാണി സി കാപ്പനും യുഡിഎഫുമായി അത്ര സ്വരച്ചേർച്ചയിലല്ല. നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണിയിൽ നിന്ന് ഒരു കക്ഷിയെയോ വ്യക്തിയെയോ പോലും ചോർത്തിയെടുക്കുക അസാധ്യമായിരിക്കെയാണ് അസമയത്തുള്ള യുഡിഎഫിന്റെ മുന്നണി വിപുലീകരണനീക്കം.
കോൺഗ്രസ് നിലംപൊത്തിക്കൊണ്ടിരിക്കുന്ന വടവൃക്ഷമാണെന്ന തിരിച്ചറിവ് അണികൾക്കും അനുഭാവികൾക്കുമുണ്ട്. പാർട്ടിയെ താങ്ങിനിറുത്തിയിരുന്ന വേരും മണ്ണും താഴേത്തട്ടിലുള്ള അണികളായിരുന്നു. ആ വേരും മണ്ണും നഷ്ടമായതോടെ പാർട്ടി മരം ഉണങ്ങിയും ദ്രവിച്ചും നിലംപൊത്തുന്ന സാഹചര്യമെത്തിയിരിക്കുന്നു.
2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കരുത്തു കാണിക്കാനുള്ള ആൾബലമില്ലാതിരിക്കെ മുന്നണി ശാക്തീകരണം ഒരിക്കലും സാധ്യമല്ല. നഷ്ടപ്പെട്ട അണികളെ വീണ്ടെടുക്കുകയും താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്ത് സ്വയം ശക്തിപ്പെടുത്തിയശേഷം മുന്നണിയെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha