ഇടുക്കിയിൽ കനത്ത മഴ: 24 മണിക്കൂറിൽ പെയ്തതു 91 മില്ലീമീറ്റർ മഴ: ഇന്നും നാളെയും റെഡ് അലർട്ട്

ഇടുക്കി ജില്ലയെ ഒന്നടങ്കം ആശങ്കയിലാക്കി മഴയും കെടുതികളും തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ 7ന് തുടങ്ങിയ കനത്ത മഴയാണ്. തുടർന്ന് 24 മണിക്കൂറിൽ ജില്ലയിൽ പെയ്തതു ശരാശരി 91 മില്ലീമീറ്റർ മഴയാണ്. പീരുമേട്, തൊടുപുഴ താലൂക്കുകളിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്.
ശക്തമായ മഴമൂലം 24 മണിക്കൂറിനിടെ ജില്ലയിൽ 5 വീടുകൾ ഭാഗികമായി തകർന്നതായാണ് പ്രാഥമിക കണക്ക്. മാത്രമല്ല ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് ജില്ലയിൽ പ്രവചിച്ചിരിക്കുന്നത്. അതിനാൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജില്ലയിൽ ഈ വർഷം 6 പേരാണ് മരിച്ചത്. 11 വീടുകൾ പൂർണമായി തകരുകയും 120 വീടുകൾ ഭാഗികമായി തകരുകയുംചെയ്തു. നിലവിൽ 7 ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇതിൽ കൊക്കയാർ, പെരുവന്താനം, കട്ടപ്പന, കഞ്ഞിക്കുഴി എന്നിവിടങ്ങളിലെ ക്യാംപുകളിൽ 41 കുടുംബങ്ങളിലെ 115 പേരുണ്ട്.
മാത്രമല്ല കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയർന്ന മൂന്നാർ കുണ്ടള ജലസംഭരണി തുറന്നു. പള്ളിവാസൽ പദ്ധതിയുടെ ഭാഗമായ കുണ്ടളയിൽ ഇന്നലെ രാവിലെ അഞ്ച് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തി 60 ക്യുമെക്സ് വെള്ളമാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമായതിനെത്തുടർന്നാണ് നടപടി. ഇതേതുടർന്ന് ആവശ്യമെങ്കിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) കൂടുതൽ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ജില്ലയിൽ രാത്രിയാത്രാ നിരോധനം കർശനമായി നടപ്പാക്കാൻ ജില്ലാ പൊലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കി.
https://www.facebook.com/Malayalivartha