മയക്കുമരുന്നു നല്‍കി ട്രെയിനില്‍ കവര്‍ച്ച... 17 പവനും 17,000 രൂപ വീതം വിലപിടിപ്പുള്ള 3 ഐ ഫോണുകളുകളുമാണ് കവര്‍ച്ച ചെയ്തത് , മൂന്ന് കൊല്‍ക്കത്തക്കാരെ ഹാജരാക്കാന്‍ ഉത്തരവ് , യുവതികളോട് ഭക്ഷണം കഴിച്ചുറങ്ങാന്‍ നിര്‍ബന്ധിച്ചതാണ് സംശയം പ്രതികളിലേക്ക് നീങ്ങിയത്

നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു സ്ത്രീകളെ ലഹരിമരുന്നു നല്‍കി മയക്കി കവര്‍ച്ച നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശികളായ മൂന്നു പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം അഡീ. സബ് ജഡ്ജ് ആന്റ് അസി. സെഷന്‍സ് ജഡ്ജി ലൈജു മോള്‍ ഷെരീഫ് ഉത്തരവിട്ടു.
പ്രതികളെ സെപ്റ്റംബര്‍ 12 ന് ഹാജരാക്കാന്‍ തമ്പാനൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പോലീസിനോടാണ് ഉത്തരവിട്ടത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖ കഴിഞ്ഞ ദിവസം കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചിരുന്നു.
കുറ്റ സ്ഥാപനത്തില്‍ 10 വര്‍ഷം വരെ തടവും പരിധിയില്ലാത്ത പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളായതിനാലാണ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. വി.ബാലകൃഷ്ണന്‍ കേസ് വിചാരണക്കായി സബ് കോടതിക്ക് മെയ്ഡ് ഓവര്‍ ചെയ്തത്.
പശ്ചിമ ബംഗാള്‍ ബലിയാദംഗ സ്വദേശി മൊഹമ്മദ് ഷൗക്കത്ത് അലി (49) , കൊല്‍ക്കത്ത സ്വദേശി സുബൈര്‍ ക്വാദ്‌സി (47), കാളിഘട്ട് സ്വദേശി മൊഹമ്മദ്. കെയും (49) എന്നിവരാണ് ട്രെയിന്‍ കവര്‍ച്ചാ കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.
2021 സെപ്റ്റംബര്‍ 11 നു രാത്രിയാണ് കവര്‍ച്ച നടന്നത്. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍ നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും 16,000 രൂപയും 15,000 രൂപയും വീതം വിലയുള്ള 2 മൊബൈല്‍ ഫോണുകളും കോയമ്പത്തൂര്‍ സ്വദേശി കൗസല്യ (23) യുടെ 14,000 രൂപ വിലയുള്ള ഫോണുമാണു മോഷണം പോയത്.
സെപ്റ്റംബര്‍ 11 നു വൈകിട്ട് ട്രെയിനില്‍ സേലത്തിനു സമീപം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഇവരെ 12 ന് പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ് 1 കോച്ചില്‍ സഹയാത്രികരായ പ്രതികള്‍ യുവതികളോട് ഭക്ഷണം കഴിച്ചുറങ്ങാന്‍ നിര്‍ബന്ധിച്ചതാണ് സംശയം പ്രതികളിലേക്ക് നീങ്ങാന്‍ കാരണം. സ്ത്രീകള്‍ ട്രെയിനിലെ ടോയ്‌ലറ്റില്‍ പോയ സമയം കുപ്പിവെള്ളത്തിലും ഭക്ഷണത്തിലും പൊടിച്ച ഉറക്ക ഗുളിക കലക്കിയാണ് മയക്കിയതെന്നു പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയ കുറ്റസമ്മത മൊഴിയുടെ പ്രസക്ത ഭാഗം റെയില്‍വേ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മോഷണ മുതല്‍ വിറ്റെന്നും പ്രതികള്‍ പൊലീസിന് നല്‍കിയതായ മൊഴി കോടതിയില്‍ ഹാജരാക്കി. ഒക്ടോബര്‍ 4 ന് മറ്റൊരു കവര്‍ച്ചയ്ക്കായി നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണു മുംബൈയ്ക്കു സമീപം റെയില്‍വേ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ടിക്കറ്റെടുത്തപ്പോള്‍ നല്‍കിയ മേല്‍വിലാസത്തിലെ പിന്‍കോഡിനു പിന്നാലെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. 2021 ഏപ്രിലില്‍ നാഗര്‍കോവിലിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ബുക്കിംഗ് സ്ലിപ്പ് പരിശോധിച്ചതില്‍ 2 ട്രെയിനിലും ആഗ്രയില്‍ നിന്ന് കയറിയ കെയും എന്നയാളിലേക്കായി അന്വേഷണം. ബുക്കിംഗ് സ്ലിപ്പിലെ വിലാസം വള്ളത്തോള്‍ നഗര്‍ സ്വദേശിയായ കച്ചവടക്കാരന്റെയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ആഗ്രയില്‍ നിന്ന് കെയും എന്നയാളെ പരിചയപ്പെട്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് വിലാസം തിരിച്ചറിഞ്ഞ് കൊല്‍ക്കത്തയിലെത്തിയെങ്കിലും പ്രതികള്‍ മുങ്ങി.
പ്രതികള്‍ സ്ഥിരമായി നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ യാത്രക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വെളിപ്പെട്ടതോടെ റെയില്‍വേ ബുക്കിംഗ് ചാര്‍ട്ട് നിരീക്ഷിച്ചു. ഒരേ പിന്‍ നമ്പരില്‍ 3 പേര്‍ യാത്ര ചെയ്യുന്നതില്‍ സംശയം തോന്നി പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തിരുവനന്തപുരം - കോയമ്പത്തൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് , റെയില്‍വേ പോലീസ് എന്നിവരുടെ സംയുക്ത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
"
https://www.facebook.com/Malayalivartha