ശക്തമായ മഴയിൽ കനത്ത നാശം : വെള്ളപ്പൊക്കത്തിൽ തകർന്ന് മൂന്നിലവ് ; തീക്കോയിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

കനത്ത മഴയിൽ തകർന്ന് മൂന്നിലവ് പഞ്ചായത്ത്. മലയോര മേഖലയെയും താഴ്ന്ന പ്രദേശങ്ങളെയും മഴയും മണ്ണിടിച്ചിലും നാശത്തിലാക്കി. മാത്രമല്ല മണ്ണിടിച്ചിൽ മലയോര മേഖലയെ ബാധിച്ചപ്പോൾ വെള്ളപ്പൊക്കം താഴ്ന്ന മേഖലയെ പ്രതിസന്ധിയിലാക്കി.
അതേസമയം തുടർച്ചയായ മൂന്നാം വർഷവും മൂന്നിലവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കൂടാതെ പഞ്ചായത്ത് ഓഫിസിൽ ഉൾപ്പെടെ വെള്ളം കയറി. മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പഞ്ചായത്തിൽ വ്യാപക നാശമുണ്ടായി. കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. മാത്രമല്ല വാകക്കാട് കളത്തൂക്കടവ് പാലത്തിന്റെ സംരക്ഷണ ഭിത്തി വെള്ളപ്പാച്ചിലിൽ ഇടിഞ്ഞ് അപകടാവസ്ഥയിലായി.
തീക്കോയി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും മഴയിലും ഉരുൾപൊട്ടലിലും വൻ നാശം സംഭവിച്ചു. മാർമല അരുവി ഭാഗത്ത് എസ്റ്റേറ്റിൽ ഉരുൾപൊട്ടലും ഒറ്റയിട്ടി കട്ടുപ്പാറയിൽ മണ്ണിടിച്ചിലുമുണ്ടായി. ഇത് കൂടാതെ ഈരാറ്റുപേട്ട മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോര മേഖലകളിൽ കഴിഞ്ഞ 3 ദിവസം പെയ്ത ശക്തമായ മഴയിൽ വ്യാപക നാശം സംഭവിച്ചു. ഇതോടെ 2 വീടുകൾ പൂർണമായും 71 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസം മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി പഞ്ചായത്തുകളിൽ 6 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. മൂന്നിലവ് പഞ്ചായത്തിൽ മാത്രം 30 ഏക്കർ സ്ഥലത്ത് കൃഷിനാശമുണ്ടായി.
https://www.facebook.com/Malayalivartha