200 രൂപ തിരികെ കൊടുത്തില്ല : യുവാവിനെ തലക്കടിച്ചും കത്തിക്ക് കുത്തിയും കൊല്ലാൻ ശ്രമം; ബന്ധു ഒളിവിൽ

കൊല്ലത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. കടംവാങ്ങിയ പണം തിരികെ നൽകാത്തതിന് യുവാവിനെ തലക്കടിച്ചും കുത്തിയുമാണ് പരുക്കേൽപ്പിച്ചത്. സംഭവത്തിൽ കൊല്ലം കടയ്ക്കൽ മണലുവട്ടം സ്വദേശിയായ റിയാസിനെയാണ് ആക്രമിച്ചത്. കൊല്ലം കടയ്ക്കലിൽ മണലുവട്ടം ജംഗ്ഷനിൽ ഞായർ വൈകിട്ടാണ് സംഭവം നടന്നത്.
അതേസമയം ഓട്ടോറിക്ഷ ഡ്രൈവറായ സദാശിവനും ഇയാളുടെ ബന്ധുവായ മിനിയും ചേർന്ന് ആക്രമിച്ചെന്നാണ് റിയാസിന്റെ പരാതി. കടം വാങ്ങിയ ഇരുന്നൂറ് രൂപ തിരിച്ച് കൊടുക്കാഞ്ഞതിനാണ് യുവാവിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ റിയാസിന്റെ പരാതിയിൽ അക്രമികളിൽ ഒരാളായ തുടയന്നൂർ സ്വദേശിയായ സദാശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേതുടർന്ന് ഇയാളുടെ ബന്ധുവായ മിനി ഒളിവിലാണ്.
നേരത്തെ സദാശിവനിൽ നിന്ന് റിയാസ് 200 രൂപ കടം വാങ്ങിയിരുന്നു. തുടർന്ന് ഇത് ലഭിക്കാതിരുന്നപ്പോൾ മിനി വിറകു കഷ്ണം എടുത്ത് റിയാസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ അടിയേറ്റ് നിലത്തുവീണ റിയാസിനെ പിന്നാലെയെത്തിയ സദാശിവനും ആക്രമിച്ചു. കൂടാതെ ഓട്ടോറിക്ഷയിൽ നിന്ന് കത്തിയെടുത്ത് കുത്തി. നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും സദാശിവനും മിനിയും ഓടി രക്ഷപെട്ടു. ഉടനെ തന്നെ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
https://www.facebook.com/Malayalivartha