മഴ കഴിഞ്ഞതും കുഴി പൊങ്ങി; കുഴിയെണ്ണൽ ചാലഞ്ച് തുടങ്ങി യാത്രക്കാർ, എണ്ണിയത് ഒന്നാം നമ്പർ സംസ്ഥാന പാതയായ എംസി റോഡിൽ മോനിപ്പള്ളി മുതൽ പുതുവേലി വരെയുള്ള 5 കിലോമീറ്റർ ഭാഗത്ത്, ഇരുചക്ര വാഹന യാത്രക്കാരായ മോനിപ്പള്ളി സ്വദേശി തോംസൺ സുനിലും സുഹൃത്ത് അദിത്യനും ഏറ്റെടുത്ത ചാലഞ്ച് വമ്പൻ ഹിറ്റ്....

സംസ്ഥാനത്ത് മഴ തോർന്നപ്പോൾ വഴിയാകെ കുഴി പൊങ്ങി. ബുദ്ധിമുട്ടിലായ യാത്രക്കാർ അവസാനം കുഴിയെണ്ണൽ ചാലഞ്ച് ഏറ്റെടുക്കുകയുണ്ടായി. എണ്ണിയത് ഒന്നാം നമ്പർ സംസ്ഥാന പാതയായ എംസി റോഡിൽ മോനിപ്പള്ളി മുതൽ പുതുവേലി വരെയുള്ള 5 കിലോമീറ്റർ ഭാഗത്താണ്. ഇരുചക്ര വാഹന യാത്രക്കാരായ മോനിപ്പള്ളി സ്വദേശി തോംസൺ സുനിലും സുഹൃത്ത് അദിത്യനുമാണ് ചാലഞ്ച് ഏറ്റെടുത്തതത്. എന്നാൽ ഇവർ റോഡിലെ അപകടക്കുഴി തേടി പോയതിൽ കാര്യമുണ്ട്.
ഏതാനും ദിവസം മുൻപ് തന്നെ തോംസണും സുനിലും കൂത്താട്ടുകുളത്തു സിനിമ കണ്ട ശേഷം രാത്രി മോനിപ്പള്ളിയിലേക്കു വരുന്നു. ആച്ചിക്കൽ ഭാഗത്തു എത്തിയപ്പോൾ തന്നെ സ്കൂട്ടർ റോഡിലെ വലിയ കുഴിയിൽ വീഴുകയുണ്ടായി. അങ്ങനെ ഇരുവരും വീണു. കാര്യമായ പരുക്ക് പറ്റിയില്ല. വെള്ളം നിറഞ്ഞു കിടന്ന കുഴിയിൽ നിന്നു സ്കൂട്ടർ പൊക്കിയെടുക്കുകയായിരുന്നു. ഇവർ വീണ്ടും ഇതേ വഴിയിലൂടെ യാത്ര ചെയ്തു. പിന്നാലെ കണ്ട കാഴ്ചകൾ ഇങ്ങനെ.
∙മോനിപ്പള്ളിയിൽ നിന്നു 4.9കിലോമീറ്റർ ദൂരം ഉണ്ട് പുതുവേലി വരെ. ഈ ചെറിയ ദൂരത്തിനുള്ളിൽ എംസി റോഡിൽ കണ്ടത് പത്തിലധികം വലിയ കുഴികളാണ്. കാട് പിടിച്ച റോഡിന്റെ വശങ്ങളും ഇരുവശത്തെയും അപകടകരമായ കട്ടിങ്ങുകളും ഇവിടെ ഉണ്ട്. രാത്രി വെളിച്ചം ഒന്നും ഇല്ല. സോളർ ലൈറ്റുകൾ പൂർണമായി തകരാറിലായി. കനത്ത മഴയിൽ വെള്ളം ഒഴുകി റോഡിന്റെ മിക്ക ഭാഗങ്ങളും തകരുകയുണ്ടായി. കുഴികൾ ഇല്ലാത്ത സ്ഥലത്തു തന്നെ റോഡ് വിണ്ടുകീറിയ അവസ്ഥയിൽ. അപകടക്കുഴികൾ ഓരോ ദിവസവും വലുതായി വരുകയാണ് ചെയ്തത്. ചില കുഴികളിൽ താൽക്കാലികമായി കോൺക്രീറ്റ് ടൈലുകൾ നിരത്തിയിട്ടുണ്ട്. ഇതു അപകടസാധ്യത ഒന്നുകൂടി വർധിപ്പിക്കുന്നുമുണ്ട്.
∙മോനിപ്പള്ളി കൊള്ളിവളവ് കഴിഞ്ഞാൽ സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ. ഇതിനു മുന്നിലും സമീപത്തും വലിയ കുഴികൾ. സ്കൂൾ കവാടത്തിനു മുന്നിലെ കുഴി ഏതാനും ദിവസം മുൻപ് വരെ ഒരു വശത്തു മാത്രമായിരുന്നു. ഇപ്പോൾ റോഡിനു കുറുകെ തോട് പോലെ ഗട്ടർ. ഇരുചക്ര വാഹനങ്ങൾ റോഡിൽ നിന്നു മാറിയാണ് സഞ്ചരിക്കുന്നത്. വശങ്ങളിൽ വെള്ളം ഒഴുകി അപകടകരമായ കട്ടിങ്ങുകൾ.
∙ആച്ചിക്കൽ ഭാഗത്തു എത്തുമ്പോൾ കുഴികളുടെ എണ്ണം വർധിക്കുന്നു. ആച്ചിക്കൽ വളവ് ഭാഗത്തു റോഡ് ഇടിഞ്ഞു താഴ്ന്ന പോലെ വലിയ ഗർത്തം. ഒട്ടേറെ വാഹനങ്ങളാണ് ഇതിൽ വീഴുന്നത്.ബൈക്ക്, സ്കൂട്ടർ എന്നിവ കുഴിയിൽ അകപ്പെട്ടാൽ കെണിയിലാകും. തിരികെ റോഡിൽ എത്തിക്കണമെങ്കിൽ വാഹനം ഉയർത്തണം.
∙ആച്ചിക്കൽ ലിറ്റിൽ ഫ്ലവർ സ്കൂളിനു സമീപത്തെ കുഴിയിൽ താൽക്കാലികമായി മണ്ണും കല്ലും നിറച്ചിട്ടുണ്ട്. മഴ കനത്താൽ ഇതു ഇളകി പോകും. വീണ്ടും അപകടസാധ്യത.
∙ജവഹർ കോളനിയുടെ സമീപത്തു പൊതു മരാമത്ത് വകുപ്പ് കരാറുകാരുടെ വൈദഗ്ധ്യം കാണാം. ഒരു മീറ്ററിലധികം വ്യാസമുള്ള വലിയ കുഴി. ഇതു നികത്താൻ കുറെ ഭാഗത്തു ടൈലുകൾ നിരത്തി. ഇവ ഇളകിയ അവസ്ഥയിൽ. നിയന്ത്രണം വിട്ടു വാഹനം മറിഞ്ഞാൽ അപകടം ഉറപ്പ്.
∙അരുവാ വളവിനു സമീപത്തു എത്തുമ്പോൾ സ്കൂട്ടർ വീണ്ടും കുഴിയിൽ വീഴും. ഇവിടെയും വലിയ ഗർത്തം. മഴക്കാലത്തു വലിയ അളവിൽ വെള്ളം ഒഴുകുന്ന വളവിൽ ഏതാനും മാസം മുൻപ് കോൺക്രീറ്റ് ടൈലുകൾ നിരത്തിയിരുന്നു. ഇവ മിക്കവയും ഇളകി മാറിയ അവസ്ഥയിലാണ് ഇപ്പോൾ.
∙പുതുവേലി കോളജിനു മുൻവശം, പുതുവേലി ജംക്‌ഷനു സമീപം എന്നിവിടങ്ങളിലും റോഡ് പൂർണമായി തകർന്ന അവസ്ഥയിൽ.
എഴുപതിലേറെ രാജ്യങ്ങളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട്. എല്ലായിടത്തും റോഡ് നിർമാണവും അറ്റകുറ്റപ്പണികളും നേരിട്ടു കണ്ടിട്ടുണ്ട്. മഴക്കാലത്തും വേനൽക്കാലത്തും കൃത്യമായി പണികൾ നടത്തുന്നു. പല സംഘങ്ങളായി ഇവർ വരുന്നു. കുഴിയുള്ള ഭാഗം മാർക്കു ചെയ്യുന്നതു മുതൽ നികത്തി ഉറപ്പിക്കുന്നതു വരെ ശാസ്ത്രീയമായ രീതിയിൽ.
ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് പണി തീരുന്നു. ഒറ്റ രാത്രിയിൽ കിലോമീറ്റർ കണക്കിന് റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നു. ഇവിടെയാണെങ്കിൽ കല്ലും മണ്ണും നിറച്ചു ഹൈവേകളിൽ പോലും കുഴിയടയ്ക്കുന്നു. അറിവ് ഇല്ലാത്തതു കൊണ്ടല്ല. അതൊക്കെ മതിയെന്ന ചിന്തയാണ്. സർക്കാർ കർശന നടപടിയെടുത്താൽ റോഡ് നന്നാകും.- ജോർജ് കുളങ്ങര,മരങ്ങാട്ടുപിള്ളി.
https://www.facebook.com/Malayalivartha

























