ഷിംജിതയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പ്രതികരിച്ച് ദീപക്കിന്റെ കുടുംബം

ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പ്രതികരിച്ച് ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബം.ഷിംജിതയെ പൊലീസ് വാഹനത്തില്‍ കയറ്റാതെ സ്വകാര്യ വാഹനത്തില്‍ കയറ്റിയത് എന്തിനെന്നും യുവതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം ചോദിച്ചു. ഷിംജിതയെ പൊലീസ് സഹായിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിച്ചു.
അറസ്റ്റ് വൈകിയതിനാല്‍ തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടാകും. ഒരു പ്രതിക്ക് ഇത്രയേറെ സംരക്ഷണം ഒരുക്കുന്നതെന്തിനെന്നും ദീപക്കിന്റെ കുടുംബം ചോദിക്കുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തത്. ഷിംജിത മുസ്തഫയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാകുന്നത്. നിലവില്‍ ഷിംജിതയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മഞ്ചേരി ജയിലിലേക്കാണ് യുവതിയെ മാറ്റുക.
https://www.facebook.com/Malayalivartha

























