ഖത്തറിൽ നിന്നെത്തിയ യുവാവ് കാണാതായ സംഭവം; കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയെന്ന് പോലീസ്, കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസിനെ കണ്ടെത്തിയത് ഇന്ന് പുലർച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെ, കുടുംബത്തോടൊപ്പം ദില്ലിയിൽ ആയിരുന്നെന്ന് യുവാവ്...

ഖത്തറിൽ നിന്നെത്തിയതിന് പിന്നാലെ കാണാതായ യുവാവ് തിരിച്ചെത്തിയതായി റിപ്പോർട്ട്. കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസാണ് തിരികെ എത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയിരുന്നത്. കുടുംബത്തോടൊപ്പം ദില്ലിയിൽ ആയിരുന്നെന്ന് യുവാവ് പോലീസിനോട് വ്യക്തമാക്കി.
ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതാണ്. കഴിഞ്ഞ മാസം 20ന് ഖത്തറിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അനസ്സിനെ കാണാനില്ലെന്ന് മാതാവ് പരാതി നൽകുകയുണ്ടായി. ഇതേതുടർന്നാണ് നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചത്. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ അജ്ഞാതരായ ഒരു സംഘം ആളുകൾ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറിൽ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകൾ എത്തി എന്നാണ് അനസിന്റെ മാതാവ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം എന്നത്. അനസ് സ്വർണവുമായി എത്തിയ ശേഷം മാറി നിൽക്കുകയാണോ എന്ന സംശയമായിരുന്നു പൊലീസിന് ഉണ്ടായിരുന്നത്.
അതോടൊപ്പം തന്നെ ഖത്തറിൽ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്( 35) ജൂൺ 16 മുതൽ കാണാതായ ശേഷം ജൂലൈ എട്ടിന് തിരിച്ചെത്തിയിരുന്നു. റിജേഷിന്റെ ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിക്കുകയുണ്ടായി. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതായി.
പിന്നാലെ ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. ആശങ്കാകുലരായ മാതാപിതാക്കൾ നൽകിയ പരാതിയിൽ വളയം പൊലീസ് കേസ്സെടുത്തതിന് പിന്നാലെയാണ് ജൂലൈ എട്ടിന് തിരിച്ചെത്തിയതായി അറിയാൻ കഴിഞ്ഞത്.
https://www.facebook.com/Malayalivartha


























