തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശവുമായി ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാനും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു..
ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഡിജിറ്റലൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂർത്തിയാക്കാനായി കഴിയുമെന്ന് കോടതിയെ അറിയിക്കേണ്ടതാണ്. ഡിജിറ്റലൈസേഷൻ പൂർത്തികരിക്കുന്നതിനെ കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്ത ആഴ്ച കിറ്റ്ഫ്ര ഉദ്യോഗസ്ഥർ വിവരം നൽകണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു.
ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് കോടതിയുടെ ഈ ഇടപെടൽ. അടുത്ത ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ മുഴുവൻ അക്കൗണ്ടുകളും ഡിജിറ്റലൈസ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.
നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിന് കെ സ്മാർട്ട് സംവിധാനം ഉണ്ട്. ഇത്തരത്തിൽ ക്ഷേത്രങ്ങളിലെ വിവിധ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള സാധ്യതയാണ് കോടതി തേടിയത്.
വഴിപാടുകൾ, വരവ് ചെലവുകൾ, സംഭാവനങ്ങൾ തുടങ്ങിയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണിത്.
"
https://www.facebook.com/Malayalivartha


























