അജിത് പവാർ ജനങ്ങളുടെ നേതാവായിരുന്നു, അവരുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു... മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അജിത് പവാർ ജനങ്ങളുടെ നേതാവായിരുന്നുവെന്നും അവരുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോദി.
'മഹാരാഷട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹത്തെ ജനങ്ങൾ പരക്കെ ബഹുമാനിച്ചിട്ടുണ്ടായിരുന്നു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം ദുഃഖകരമാണ്. അജിത് പവാറിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും അനുശോചനം അറിയിക്കുന്നു'- മോദി കുറിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ വിളിച്ച് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി.
അതേസമയം, അജിത് പവാറിന്റെ വിയോഗം സംസ്ഥാനത്തിന് വലിയൊരു നഷ്ടമാണെന്നാണ് പ്രിയങ്ക ചതുർവേദി എംപി പ്രതികരിച്ചത്. അജിത് പവാറിന്റെ പൊതുജീവിതത്തോടുള്ള സമർപ്പണം അദ്ദേഹത്തിന്റെ ദിനചര്യയിൽ പ്രതിഫലിച്ചിരുന്നതായി പ്രിയങ്ക ചതുർവേദി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ അംഗീകരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടതുമായ ഒരു വ്യക്തി എന്ന നിലയിൽ, മഹാരാഷ്ട്രയ്ക്ക് ഇത് വലിയ നഷ്ടമാണെന്ന് കരുതുന്നുവെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു.
അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനപകടത്തിൽ അന്വേഷണം നടത്തണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























