കപ്പലിനെ വളഞ്ഞ് സേന... ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ നിരന്തരം നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളെ ബാധിച്ചാല്‍ ശക്തമായ നടപടിയെടുക്കാനൊരുങ്ങി നാവിക സേന; സേനാ കപ്പലുകള്‍ ചാരക്കപ്പലുകളെ നിരീക്ഷിക്കുന്നു

ലോകത്തിന്റെ സമാധാനം കെടുത്തി ചൈനീസ് ചാരക്കപ്പല്‍ 'യുവാന്‍ വാങ് 5' ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് ചൈനയുടെ നീക്കം. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുള്ള കപ്പല്‍ 22 വരെ തുറമുഖത്തുണ്ടാകും.
തുറമുഖത്ത് ശ്രീലങ്കയിലെ ചൈനീസ് അംബാസഡര്‍ ക്വി ഷെന്‍ഹോങ് കപ്പലിനെ സ്വീകരിച്ചു. 200 പേരാണ് കപ്പലിലുള്ളത്. ചൈനയുടെ വായ്പ ഉപയോഗിച്ച് വികസിപ്പിച്ച ഹംബന്‍തോട്ട തുറമുഖം 99 വര്‍ഷത്തേക്ക് അവരുടെ കൈവശമാണുള്ളത്. സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കപ്പലിന്റെ സാന്നിധ്യം ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷാ, സാമ്പത്തിക കാര്യങ്ങളെ ബാധിക്കില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ ബെയ്ജിങ്ങില്‍ പറഞ്ഞു. മൂന്നാം കക്ഷികളാരും ഇതില്‍ ഇടപെടരുതെന്ന് ചൈന നിലപാട് കടുപ്പിക്കുകയും ചെയ്തു.
അതേസമയം ഇന്ത്യ ശക്തമായ നിലപാടെടുത്തിരിക്കുകയാണ്. ചൈനീസ് കപ്പലിന്റെ ഓരോ നീക്കവും ഇന്ത്യയ്ക്ക് ഭീഷണിയാണ്. ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്തു നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പലിനെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഇന്ത്യ. ഈ കപ്പല്‍ തങ്ങളുടെ നിരീക്ഷണവലയത്തിലാണെന്നും ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്ന ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചൈനയെ അമ്പരപ്പിച്ച് ഇന്ത്യയും നടപടി തുടങ്ങി. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിലയുറപ്പിച്ചിട്ടുള്ള സേനാ കപ്പലുകള്‍ ചാരക്കപ്പലിനെ നിരീക്ഷിക്കുന്നുണ്ട്. കപ്പല്‍ സമുദ്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്ന ചൈനയുടെ വാദം ഇന്ത്യ പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല.
കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യുകയാണു കപ്പലിന്റെ യഥാര്‍ഥ ലക്ഷ്യമെന്ന് ഇന്ത്യ സംശയിക്കുന്നു. ചാരക്കപ്പല്‍ ഈ മാസം 22നു തുറമുഖം വിടുമെങ്കിലും അവിടം സ്ഥിരതാവളമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഭാവിയില്‍ കൂടുതല്‍ ചൈനീസ് കപ്പലുകള്‍ എത്തുമെന്നാണ് ഇന്ത്യയുടെ നിഗമനം.
അതിനു തടയിടാന്‍ നയതന്ത്ര, സേനാ തലങ്ങളില്‍ ശ്രീലങ്കയുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചൈന നിര്‍മിച്ച നാവികത്താവളം പൂര്‍ണ പ്രവര്‍ത്തന സജ്ജമായതു സ്ഥിരീകരിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 2016ല്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ചൈനയുടെ ഏക സേനാ താവളമാണിത്. ഇന്ത്യന്‍ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചൈനീസ് കപ്പലുകള്‍ക്ക് ആവശ്യമായ സന്നാഹങ്ങള്‍ ഒരുക്കുകയാണു താവളത്തിന്റെ ദൗത്യം. വിമാനവാഹിനി കപ്പലിനു നിലയുറപ്പിക്കാന്‍ പാകത്തില്‍ താവളം വികസിപ്പിക്കാനും ചൈന നീക്കം നടത്തുന്നുണ്ട്. യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍, ഇറ്റലി എന്നിവയ്ക്കും ജിബൂട്ടിയില്‍ തുറമുഖ താവളങ്ങളുണ്ട്. സൗദി അറേബ്യ താവളം നിര്‍മിക്കുന്നു.
ഏഷ്യ, യൂറോപ്പ് ഗതാഗത പാതയില്‍ ചൈനയുടെ ചാരക്കപ്പല്‍ സൈനിക താവളമായി മാറുമെന്നാണ് ഇന്ത്യയുടെ ആശങ്ക. അതേസമയം, ഇന്ധനവും ഭക്ഷ്യസാധനങ്ങളും സംഭരിക്കാന്‍ വേണ്ടി 3 ദിവസം മാത്രമേ കപ്പല്‍ തുറമുഖത്ത് ഉണ്ടാകൂ എന്നാണ് ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.
കടക്കെണിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് നിലവില്‍ ഇന്ത്യയുടെയും ചൈനയുടെയും സഹായം ആവശ്യമാണ്. ഇരുരാജ്യങ്ങളെയും പിണക്കാത്ത നിലപാടാണ് ശ്രീലങ്ക സ്വീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























