പറവൂരില്‍ കാര്‍ യാത്രികനെ കുത്തിയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍... ബസ് പോലീസ് കസ്റ്റഡിയിലെടുത്തു, മറ്റ് ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നു

പറവൂരില്‍ കാര്‍ യാത്രികനെ കുത്തിയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍... ബസ് പോലീസ് കസ്റ്റഡിയിലെടുത്തു, മറ്റ് ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നു
ഡ്രൈവര്‍ ടിന്റുവാണ് പിടിയിലായത്. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തര്‍ക്കം കണ്ടു കാര്‍ യാത്രികന്റെ പിതാവു കുഴഞ്ഞുവീണു മരിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണു (54) മരിച്ചത്. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട ഡ്രൈവര്‍ ടിന്റുവിനെ വൈറ്റിലയില്‍ നിന്നാണ് പിടികൂടിയത്. ബസും കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്തായിരുന്നു സംഭവം നടന്നത്. സൈഡ് കൊടുക്കുന്നതു സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നു പൊലീസ്.
ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന 'നര്‍മദ' ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. തുടര്‍ന്നു ഫര്‍ഹാന്‍ ബസിനു മുന്‍പില്‍ കാര്‍ കൊണ്ടുവന്നിട്ടു ബസ് തടഞ്ഞു ചോദ്യം ചെയ്തു. തര്‍ക്കമുണ്ടായപ്പോള്‍ ബസ് ജീവനക്കാരില്‍ ഒരാള്‍ കത്തിയെടുത്തു. കുത്താന്‍ പോയപ്പോള്‍ തടഞ്ഞ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. ഇതു കണ്ടാണു കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























