കൊലപാതക ക്ഷീണം തീർക്കാൻ കാലടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് അർഷാദ് കാട്ടിക്കൂട്ടിയത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു: കയ്യിലെ പണം തീർന്നപ്പോൾ, സ്വന്തം സ്മാര്‍ട്ട് ഫോണ്‍ 5,000 രൂപയ്ക്ക് വിറ്റ് 850 രൂപയുടെ ഫോൺ വാങ്ങി:- ഉറക്ക ക്ഷീണത്തിലായിരുന്ന സജീവിന്റെ കൊല്ലാൻ എളുപ്പമായിരുന്നെന്ന് ഭാവഭേദമില്ലാതെ പ്രതിയുടെ വെളിപ്പെടുത്തൽ

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. കൃത്യത്തിന് ശേഷം പ്രതി അർഷാദ് ലക്ഷ്യമിട്ടത് ബെംഗളൂരുവെന്ന് പോലീസ്. ഒപ്പം താമസിച്ചിരുന്ന സജീവിനെ കൊലപ്പെടുത്തി മാലിന്യക്കുഴല്‍ കടന്നു പോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയതിന്റെയും തറയിലെ രക്തക്കറ കഴുകിയതിന്റെയും ക്ഷീണം പ്രതി തീര്‍ത്തത് കാലടിയിലെ ലോഡ്ജില്‍ മുറിയെടുത്ത്. സജീവ് ഉറക്ക ക്ഷീണത്തിലായത് കൊണ്ടാണ് എളുപ്പത്തില്‍ കൊലപ്പെടുത്താൻ സാധിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സജീവ് കൃഷ്ണയും അര്‍ഷാദും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളും, അതിനായുള്ള പണത്തിന്റെ ഇടപാടുകളും നടന്നിരുന്നതായാണ് പോലീസ് പറയുന്നത്.
തെളിവെടുപ്പിനായി രണ്ടാം ദിനവും അര്‍ഷാദിനെ കൊണ്ടുവന്നപ്പോഴാണ് കാലടിയില്‍ താന്‍ താമസിച്ച സ്ഥലം അടക്കം അര്‍ഷാദ് കാണിച്ച് കൊടുത്തത്. അര്‍ഷാദ് സജീവിന് ലഹരിമരുന്ന് വാങ്ങാനായി 52000 രൂപ നല്‍കിയിരുന്നു. എന്നാല്‍ മരുന്ന് വിറ്റ ശേഷവും സജീവ് പണം നൽകിയില്ല. ഇതേ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.
ഇരുവരും തമ്മിൽ വാക്ക് തര്‍ക്കമുണ്ടാകുകയും കഴിയുമെങ്കില്‍ വാങ്ങിച്ചോളൂ എന്ന് സജീവ് കൃഷ്ണ പറഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയും മരിച്ചെന്ന് ഉറപ്പുവരുത്തി മൃതദേഹം വിരിപ്പില്‍ പൊതിഞ്ഞ് തള്ളുകയുമായിരുന്നു. പിന്നീട് ഇവിടെ നിന്നും മുങ്ങിയ അര്‍ഷാദ് സുഹൃത്ത് അശ്വന്തുമായി ബെംഗളൂരുവിലേയ്ക്ക് രക്ഷപ്പെടാനായി മഞ്ചേശ്വരത്തേക്ക് എത്തുകയായിരുന്നു. ഇതേ ഫ്‌ളാറ്റിലെ സുഹൃത്തായ അംജാദിന്റെ ബൈക്കുമെടുത്താണ് അര്‍ഷാദ് രക്ഷപ്പെട്ടത്.
സജീവ് വില്‍പ്പനയ്ക്കായി വെച്ചിരുന്ന മയക്കുമരുന്ന് അര്‍ഷാദ് ബാഗില്‍ കൊണ്ടുപോയിരുന്നു. 1.56 കിലോ കഞ്ചാവ്, 5.20 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹാഷിഷ് എന്നിവയാണ് സജീവിന്റെ കൈവശമുണ്ടായിരുന്നത്. രക്ഷപ്പെടുന്നതിനിടെയാണ് അര്‍ഷാദ് സുഹൃത്തായ അശ്വന്തിനെ ബന്ധപ്പെടുന്നത്. സുഹൃത്തിനെയും കൂട്ടി ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു അര്‍ഷാദിന്റെ പ്ലാന്‍. തന്റെ കൈവശം കുറച്ച് മരുന്ന് കൈയ്യിലുണ്ടെന്നും, ബെംഗളൂരുവില്‍ എത്തിച്ച് വില്‍പ്പന നടത്താമെന്നും ഇവര്‍ രണ്ട് പേരും ചേര്‍ന്ന് ആസൂത്രണം ചെയ്യുകയായിരുന്നു.
സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയ കാര്യം അര്‍ഷാദ് സുഹൃത്ത് അശ്വന്തിനെ അറിയിച്ചിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. നേരത്തെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇതെല്ലാം ചെയ്തതെന്നായിരുന്നു പോലീസ് സംശയിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ അര്‍ഷാദ് അശ്വന്ത് യാതൊന്നും പങ്കുമില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് ചെയ്തത്. സംഭവ ദിവസം അര്‍ഷാദ് പോയ വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തത്.
കൊലയ്ക്ക് ശേഷം കാലടി ഭാഗത്തെ ലോഡ്ജില്‍ മുറിയെടുത്ത് വിശ്രമിച്ച ശേഷമായിരുന്നു അർഷാദ് പിന്നീടുള്ള യാത്ര നടത്തിയത്. ഇവിടെയും കാക്കനാട് ഇടച്ചിറയിലെ മൊബൈല്‍ ഫോണ്‍ കടയിലും സൂപ്പര്‍മാര്‍ക്കറ്റിലും തെളിവെടുപ്പ് നടത്തി. മൂന്നിടങ്ങളിലുമുള്ളവര്‍ അര്‍ഷാദിനെ തിരിച്ചറിഞ്ഞു. സജീവിനെ കൊലപ്പെടുത്തിയ ശേഷം മുറി വൃത്തിയാക്കുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ചൂലും ഫിനോളും വാങ്ങിയിരുന്നു. കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് പണത്തിന് ബുദ്ധിമുട്ട് വന്നതിനാല്‍ പ്രതി തന്റെ സ്മാര്‍ട്ട് ഫോണ്‍ 5,000 രൂപയ്ക്ക് ഇടച്ചിറയിലെ മൊബൈല്‍ കടയില്‍ വിറ്റ്, 850 രൂപയ്ക്ക് സാധാരണ ഫോണും വാങ്ങി. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് പ്രതി അര്‍ഷാദ് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























