ആത്മഹത്യ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന് യുവതി: പിന്നാലെ പോലീസ് വരുന്നത് കണ്ട് വേഗത്തിൽ മുന്നോട്ടോടി:- ട്രെയിൻ വരുന്നത് കണ്ട പൊലീസ് യുവതിയെ രക്ഷപെടുത്തിയത് സാഹസികമായി...

ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി ആത്മഹത്യ ലക്ഷ്യമിട്ട് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ സമയോചിതമായി ഇടപെട്ട് വഞ്ചിയൂർ പോലീസ്. ഇന്നലെ വൈകിട്ട് മൂന്നോടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. പേട്ട റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം റെയിൽവേ ട്രാക്കിലിറങ്ങി തമ്പാനൂർ ഭാഗത്തേക്ക് യുവതി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതിനകം യുവതി ഉപ്പിടാംമൂട് പാലത്തിനടുത്തവരെ നടന്നെത്തിയിരുന്നു.
പിന്നാലെ പൊലീസ് വരുന്നത് കണ്ട യുവതി വേഗത്തിൽ മുന്നോട്ടോടി. ഈ സമയം തമ്പാനൂർ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേയ്‌ക്ക് ട്രെയിൻ വരുന്നുണ്ടായിരുന്നു. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസ് കൈയുയർത്തി ട്രെയിൻ നിറുത്താൻ ആവശ്യപ്പെട്ടു. യുവതിക്ക് പിന്നാലെ പൊലീസുകാർ ഓടുന്നത് കണ്ട ലോക്കോപൈലറ്റ് ബ്രേക്കിട്ടു. വേഗത്തിൽ വരികയായിരുന്ന ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്തെത്തിയപ്പോൾ നിന്നു.
ഇതോടെ പിറകെയെത്തിയ പൊലീസുകാർ യുവതിയെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഭർത്താവിനെയും ബന്ധുക്കളെയും സ്റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തി യുവതിയെ ഇവർക്കൊപ്പം വിട്ടയച്ചു. എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒ മാരായ സുബിൻ പ്രസാദ്, ബിജു എന്നിവരാണ് യുവതിയെ രക്ഷപെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























