കൂടത്തായി മോഡല്‍ കൊലപാതകം: വിദേശത്ത് ഉള്ള ഭർത്താവ് പോലും അറിയാത്ത 8ലക്ഷം രൂപയുടെ കടബാധ്യത | ഭർത്താവ് നാട്ടിൽ വരാനിരിക്കെ ഇന്ദുലേഖ പ്ലാൻ ചെയ്തത് മാതാപിതാക്കളെ കൊലപ്പെടുത്തി, 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി സാമ്പത്തിക ബാധ്യത തീർക്കാൻ

കൂടത്തായി മോഡല്‍ കൊലപാതകത്തിൽ ഞെട്ടി കുന്നംകുളം കിഴൂര്‍ നിവാസികള്‍. ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുക്മിണി(58)യുടേത് അസുഖബാധയെ തുടര്‍ന്നുള്ള സാധാരണ മരണമാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. ആര്‍ക്കും ഇവരുടെ മരണത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അസുഖ ബാധിതയായ അമ്മയെ പരിചരിക്കുന്ന മകൾ, എന്ന രീതിയിൽ തന്നെയായിരുന്നു ഇന്ദുലേഖയെ കുറിച്ച് എല്ലാവരും കരുതിയിരുന്നത്.
ഛര്‍ദി കാരണം രുക്മിണിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നാണ് തങ്ങളെല്ലാം അറിഞ്ഞിരുന്നതെന്ന് നാട്ടുകാരിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ വീട്ടില്‍ കുഴപ്പങ്ങളൊന്നും കണ്ടിട്ടില്ല. ഇന്ദുലേഖയുടെ കടബാധ്യതയെക്കുറിച്ചും അറിയില്ല. ഇന്ദുലേഖ കുഴപ്പമൊന്നും ഇല്ലാത്ത ആളാണ്. ജോലിക്കൊന്നും പോകുന്നില്ല. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രുക്മിണിയുടെ മരണത്തില്‍ നാട്ടുകാര്‍ക്കൊന്നും സംശയമുണ്ടായിരുന്നില്ല. പോലീസ് കണ്ടെത്തിയപ്പോളാണ് ഇത് കൊലപാതകമാണെന്ന് എല്ലാവരും അറിയുന്നതെന്നും സമീപ വാസി പറഞ്ഞു.
തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന ചില സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെ വിവരം ആശുപത്രി അധികൃതർ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛൻ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലിൽ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു. വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.
സ്വര്‍ണം പണയം വെച്ച് വായ്പ എടുത്തതിനെ തുടര്‍ന്നാണ് ഇത്രയധികം ബാധ്യത വന്നതെന്നാണ് കരുതുന്നത്. എന്നാല്‍ വിദേശത്തായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവിന് ഈ ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവ് 18-ാം തീയതി നാട്ടില്‍ വരാനിരിക്കെ, മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പോലീസ് കരുതുന്നു.
https://www.facebook.com/Malayalivartha


























