ആദ്യം സൗഹൃദം സ്ഥാപിക്കും, സംശയം വരാതെ ഉറക്കഗുളിക കലർത്തിയ ബിസ്കറ്റുകൾ കഴിപ്പിച്ച് കൊള്ളയടിക്കും,; ട്രെയിനിൽ മോഷണം നടത്തിയ രണ്ടാം പ്രതി അറസ്റ്റിൽ

ട്രെയിനിൽ തുടർച്ചയായി മോഷണം നടത്തിയ പ്രതി പിടിയിൽ. ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി ട്രെയിൻ യാത്രക്കാരുടെ പണവും മറ്റു സാധനങ്ങളും കവർന്ന കേസിലെ രണ്ടാം പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ ബത്തിയ ജില്ലയിലെ ചുമ്പൻ കുമാറാണ് അറസ്റ്റിലായത്.
അതേസമയം ഒന്നാം പ്രതിയായ ശത്രുധൻ കുമാറിനെ കഴിഞ്ഞ 17-ന് ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സഹയാത്രികരുമായി ചങ്ങാത്തം സ്ഥാപിച്ച് സംശയം വരാതെ കൈയിൽ കരുതിയ ഉറക്കഗുളിക കലർത്തിയ ക്രീം ബിസ്കറ്റുകൾ കഴിപ്പിക്കും, പിന്നാലെ അവരെ കൊള്ളയടിച്ച് ഏറ്റവും അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങിപ്പോവുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, ആലപ്പുഴ, യശ്വന്ത്പൂർ, ലുധിയാന മുതലായ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ജനറൽ കോച്ചുകളിൽ കയറി യാത്ര ചെയ്ത് സമാനമായ കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു. അതോടൊപ്പം തന്നെ ഈ കേസിലെ മുഖ്യ സൂത്രധാരകനും ബീഹാർ മച്ചർഗാവ് സ്വദേശിയുമായ സാഹിബ് ഷാക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.
സംഭവത്തെ തുടർന്ന് റെയിൽവേ പൊലീസും ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ടി.ആർ.അനീഷ്, സബ് ഇൻസ്പെക്ടർ ബിജുകുമാർ, ക്രൈം ഇന്റലിജൻസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഫിലിപ് ജോൺ, ജയകുമാർ, പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























