വൈദ്യുതി പോസ്റ്റ് മാറ്റാതെ അശാസ്ത്രീയ ഓട നിർമ്മാണം: വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ്

അശാസ്ത്രീയ ഓട നിർമാണത്തിൽ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പ്. വൈദ്യുതി പോസ്റ്റ് മാറ്റാതെയായിരുന്നു അശാസ്ത്രീയ ഓട നിർമ്മാണം. ഓട നിർമാണത്തിന് മുമ്പ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതിനാൽ ഇഇസി ബൈപാസ് റോഡിൽ നിർമിച്ച ഓടയ്ക്കു നടുവിൽ ഒഴുക്കു തടസ്സപ്പെടുന്ന വിധത്തിലുള്ള 6 വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റോഡിന്റെ അടിയിലൂടെയും മറ്റും കടന്നു പോയിട്ടുള്ള കേബിളും പൈപ്പും മാറ്റിയ ശേഷമേ വൈദ്യുതി പോസ്റ്റ് നീക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിനു വലിയ കാലതാമസവും ധനനഷ്ടവും സൃഷ്ടിക്കുമായിരുന്നു. അതിനാലാണ് വൈദ്യുതി പോസ്റ്റ് മാറ്റാതെ ഓട നിർമാണം നടത്തിയത്.
ഓട കാലതാമസം കൂടാതെ നിർമിച്ചില്ലെങ്കിൽ വെള്ളം കെട്ടി നിന്ന് റോഡിനു തകരാർ സംഭവിക്കുമായിരുന്നു എന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. പോസ്റ്റുകൾ നീക്കി ഓട നിർമിക്കാൻ വേണ്ടി പലവട്ടം കെഎസ്ഇബിക്കും നഗരസഭ അധികൃതർക്കും കത്തുകൾ നൽകിയെങ്കിലും നടപടി വൈകിയതും ഇത്തരത്തിൽ ഓട നിർമിക്കാൻ കാരണമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇഇസി മാർക്കറ്റ് റോഡിലെ അശാസ്ത്രീയ ഓട നിർമാണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണു വിശദീകരണവുമായി ഉദ്യോഗസ്ഥർ എത്തിയത്.
https://www.facebook.com/Malayalivartha
























