കനത്ത മഴ: ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; 10 വീടുകളിലേക്ക് വെള്ളം കയറി; പുഴ ഗതിമാറി ഒഴുകിയതോടെ ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും മഴ പെയ്ത് തുടങ്ങിയതോടെ നിരവധി ഇടങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയിൽ ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ 10 വീടുകളിലേക്ക് വെള്ളം കയറി. തുടർന്ന് പലഭാഗങ്ങളിൽനിന്നായി പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മാത്രമല്ല കഴിഞ്ഞ ദിവസം ഉച്ചയോടെ കണ്ണമ്പള്ളി, ആർത്തല, മണലിയാംപാടം മലവാരങ്ങളിൽ കനത്ത മഴ തുടങ്ങിയെങ്കിലും വൈകിട്ട് 4ന് ആണ് ഒലിപ്പുഴയും ചേരി തോടും കരകവിഞ്ഞത്. ഇതേതുടർന്ന് ചേരി ആര്യാടൻ കോളനിയിലെ തോട്ടത്തിൽ കദീജ, വൈശ്യൻ ഹാരിസ്, ഫൈറൂസ്, ഇല്യാസ്, സ്രാമ്പിക്കൽ ലക്ഷ്മി, തരിശ് ചിറക്കോട്ടിൽ അപ്പുള്ളി അയ്യപ്പൻ, സിന്ധു, നാരായണൻ എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറി.
അതേസമയം തരിശ് മാമ്പറ്റ പാലത്തിനു മുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെടുകയും, ചിറയ്ക്കൽക്കുണ്ട് - പുൽവെട്ട റോഡിൽ വെള്ളം കയറി ഗതാഗതം നിലക്കുകയും ചെയിതു. കൂടാതെ കുണ്ടോടയിൽ വീടുകളിലേക്ക് വെള്ളം കയറി. ഇവിടെ പുഴ ഗതിമാറി ഒഴുകി. പഴയോരത്തെ കൃഷിയിടങ്ങൾ മിക്കതും വെള്ളത്തിനടിയിലായി.
ഇതോടൊപ്പം തന്നെ മുള്ളറ ആര്യാടൻ കോളനിയിലെ കുടുംബങ്ങൾ ചേരി തോട്ടിൽ വെള്ളം കയറി തീർത്തും ഒറ്റപ്പെട്ടു. സംഭവത്തെ തുടർന്ന് ഇവിടെ പതിനഞ്ചോളം കുടുംബങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ പലരും ബന്ധുവീട്ടുകളിലേക്കാണ് താമസം മാറ്റുന്നത്. നിലമ്പൂർ ഡപ്യൂട്ടി തഹസിൽദാർ കെ.അയ്യപ്പൻ, കരുവാരകുണ്ട് വില്ലേജ് ഓഫിസർ ജ്യോതി ലക്ഷ്മി, എസ്‍വിഒ മുരളീധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
https://www.facebook.com/Malayalivartha
























