സ്കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന, പന്ത്രണ്ട് കുട്ടികളുടേയും സുരക്ഷ മുന്നിൽക്കണ്ട് ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയ പിന്നാലെ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു...!!

സ്കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയ പിന്നാലെ കുഴഞ്ഞു വീണു മരിച്ചു. കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്ന് വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രമേശന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. ഷീജയാണ് രമേശന്റെ ഭാര്യ. മക്കൾ: രഞ്ജിത്, ആദിത്യ. മരുമകൾ: ജ്യോതി.
https://www.facebook.com/Malayalivartha
























