ചീഫ് വിപ്പിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

കേരള സര്‍വകലാശാലയില്‍ കരാര്‍ ജോലിയിലിരിക്കെ ആള്‍മാറാട്ടം നടത്തി സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ സ്‌പെഷ്യല്‍പ്രൈവറ്റ് സെക്രട്ടറി പദവിയില്‍ കയറിപ്പറ്റിയ കെ. സന്തോഷ് കുമാരന്‍ തമ്പിയെ പുറത്താക്കി. തമ്പിയെ തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്ത് ഇന്നലെ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റായ ആലപ്പുഴ സ്വദേശി കെ. സന്തോഷ് കുമാറാണ് സന്തോഷ് കുമാരന്‍ തമ്പിയെന്ന് പേര് മാറ്റി ഗസറ്റഡ് പദവിയുള്ള സര്‍ക്കാര്‍ ജോലി നേടിയത്. ഈ ആള്‍മാറാട്ട തട്ടിപ്പ് കേരളകൗമുദി ഞായറാഴ്ച പുറത്ത് കൊണ്ടു വന്നതിനെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര വകുപ്പ് ഇയാള്‍ക്ക് അനുവദിച്ച തിരിച്ചറിയല്‍ രേഖകളെല്ലാം ഹാജരാക്കണമെന്നും പൊതുഭരണ വകുപ്പ് അഡി. സെക്രട്ടറി അനിതാ ദാമോദരന്‍ ഇറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷമായി കേരള സര്‍വകലാശാലയില്‍ താത്കാലിക ജോലിയിലുള്ള സന്തോഷ് കുമാറിനെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ക്ലിയറന്‍സ് പോലും തേടാതെയാണ് സര്‍ക്കാര്‍ ഗസറ്റഡ് പദവിയില്‍ നിയമിച്ചത്. ഗസറ്റ് വിജ്ഞാപനത്തിലൂടെയായിരുന്നു പേര് മാറ്റം. സര്‍വകലാശാലയില്‍ പഴയ പേരില്‍ ജോലിയില്‍ തുടരുകയും ചെയ്തു. തട്ടിപ്പ് പുറത്തായതോടെ സന്തോഷിനെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കാന്‍ ചീഫ് വിപ്പ് ഉണ്ണിയാടന്‍ പൊതുഭരണ വകുപ്പിന് ശുപാര്‍ശ നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച്ചത്തെ തീയതി വച്ചാണ് ഉത്തരവിറക്കിയിട്ടുള്ളത്. അതിനിടെ, സന്തോഷിന്റെ ഉറ്റ ബന്ധുവായ 25കാരന്‍ അഖില്‍ ശ്രീനിവാസിനെ ആറ് മാസത്തെ മുന്‍കാലപ്രാബല്യത്തോടെ ചീഫ് വിപ്പിന്റെ അഡി. െ്രെപവറ്റ് സെക്രട്ടറിയായി നിയമിച്ചു. 69,000 രൂപയാണ് ശമ്പളം.
സര്‍വകലാശാലയിലെ കരാര്‍ ജോലി സ്ഥിരപ്പെടുത്തിക്കിട്ടുന്നതിന് അനുകൂല ഉത്തരവ് നേടാന്‍ മനുഷ്യാവകാശ കമ്മിഷനെയും ഇയാള്‍ കബളിപ്പിച്ചതായി കമ്മിഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം ആര്‍. നടരാജന്‍ ആലപ്പുഴയില്‍ നടത്തിയ സിറ്റിംഗില്‍ വികലാംഗനായി അഭിനയിച്ചാണ് ഹാജരായത്. വേച്ച് വീഴുന്ന രീതിയില്‍ ക്രച്ചസിലെത്തിയ സന്തോഷ് മുടന്തനായി അഭിനയിച്ചെന്ന് സിറ്റിംഗില്‍ ഹാജരായ കമ്മിഷന്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്്്. അന്വേഷണത്തിന്റെ ഭാഗമായി സന്തോഷിനെ ഇന്നലെ കമ്മിഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി മൊഴിയെടുത്തു.
സര്‍വകലാശാലയിലെ ജോലി സ്ഥിരപ്പെടുത്തിക്കിട്ടുന്നതിന് അനുകൂലമായി സന്തോഷിന് താന്‍ നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജെ.ബി. കോശിക്ക് കത്ത് നല്‍കുമെന്ന് ജുഡിഷ്യലംഗമായി വിരമിച്ച ആര്‍. നടരാജന്‍ പറഞ്ഞു. കേരള സര്‍വകലാശാലയിലെ ദിവസക്കൂലി ജീവനക്കാരന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ ഗസറ്റഡ് പദവിയുള്ള സ്റ്റാഫംഗമായി കടന്നുകൂടിയതിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha