ബിജെപിയ്‌ക്കെതിരെ ചെന്നിത്തല, കേരള ഹൗസില്‍ എന്തു വിളമ്പണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കും

ഡല്‍ഹിയിലെ കേരളഹൗസിലെ ബീഫ് പരിശോധന പ്രശ്‌നത്തില്‍ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. കേരള ഹൗസില്‍ എന്തുവിളമ്പണമെന്ന് കേരള സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് ചെന്നിത്തല.
ആര്‍എസ്എസോ ബിജെപിയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടേയും നിലപാട് ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ നഗരസഭ പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലാപത്താല്‍ നട്ടം തിരിയുന്ന ബിജെപിക്കു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയില്‍ ആശയക്കുഴപ്പങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുകയാണ്. നേതൃത്വവും ആശയക്കുഴപ്പങ്ങള്‍ക്കു നടുവിലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിക്കും.
തദ്ദേശ തിരഞ്ഞെടുപ്പു കഴിയുന്നതോടെ മൂന്നാംമുന്നണി കാറ്റുപോയ ബലൂണ്‍പോലെയാകും. കോണ്‍ഗ്രസിനെ മതനിരപേക്ഷത പഠിപ്പിക്കുന്നതിനു പകരം സ്വന്തം അണികള്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോകുന്നതു തടയുകയാണ് സിപിഎം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് പരിശോധനയുടെ പേരില്‍ കേരള ഹൗസില്‍ കയറിയ ഡല്‍ഹി പോലീസ് മിതത്വം പാലിക്കേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. പോലീസ് ഏതറ്റംവരെ പോയെന്നറിയില്ല. ഇതുസംബന്ധിച്ച് പത്രങ്ങളില്‍ നിന്നുള്ള അറിവേ ഉള്ളൂ. കേരള ഹൗസിനകത്തു കയറിയെങ്കില്‍ അത് തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല. ഗവര്‍ണര്‍, മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്കെല്ലാം താമസിക്കാനുള്ള ഔദ്യോഗിക അതിഥി മന്ദിരമാണ്. എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയ്ക്കു മുതിര്‍ന്നതെങ്കില്‍ അതിനു പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്നതു കേന്ദ്രസര്‍ക്കാരാണ്. വിശദാംശങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ കൈകൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha