ഡീ അഡിക്ഷൻ സെന്ററിൽ പോകാതിരിക്കാൻ തെങ്ങിൻ മുകളിൽ നിലയുറപ്പിച്ച യുവാവിനെ, ഒടുവിൽ 'ജലപീരങ്കി' പ്രയോഗിച്ച് നിലത്തിറക്കി ഫയർ ഫോഴ്സ്...

വീട്ടുകാർ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകുന്നത് തടയാൻ തെങ്ങിൻ മുകളിൽ നിലയുറപ്പിച്ച യുവാവിനെ ജലപീരങ്കി പ്രയോഗിച്ച് നിലത്ത് ഇറക്കി. മണിക്കൂർ നീണ്ട ശ്രമങ്ങളെല്ലാം വിഫലമായതോടെ ഫയർ ഫോഴ്സ് നടത്തിയ ‘ജലപീരങ്കി’ പ്രയോഗം വിജയം കാണുകയായിരുന്നു. ഇയാൾ താഴേക്ക് ഇറങ്ങിത്തുടങ്ങി. പകുതി ഭാഗമെത്തിയപ്പോൾ തിരിച്ചു കയറാനുള്ള ശ്രമം നാട്ടുകാർ തെങ്ങു കുലുക്കിയും ബഹളം വച്ചും തടഞ്ഞു. രണ്ട് ദിവസമായി നാട്ടുകാരെയും ഫയർഫോഴ്‌സിനെയും മുൾമുനയിൽ നിർത്തിയായിരുന്നു പത്തനംതിട്ട പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണന്‍ (38) തെങ്ങിൻ മുകളിൽ നിലയുറപ്പിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ഒരുവർഷം മുമ്പ് നരിയാപുരത്ത് തെങ്ങിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ ഓരോ മണിക്കൂറുകൾ പിന്നിടുമ്പോഴും ഫയർ ഫോഴ്സ് സംഘത്തിന്റെ ആശങ്ക കൂടി വന്നു. രാത്രി വൈകിയുള്ള ശ്രമങ്ങൾ അവർക്ക് വെല്ലുവിളിയായിരുന്നു. അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടത് ആശങ്കയിലാക്കി. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ഓരോ ഘട്ടവും അറിയിച്ചായിരുന്നു ശ്രമങ്ങളെല്ലാം. പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള യൂണിറ്റുകളെത്തിയിരുന്നു. റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അടൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി.റജികുമാറാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിനെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചത്. ഒരുമണിയോടെ ആംബുലൻസ് വീട്ടിലെത്തി. ഇതോടെ യുവാവ് പരിഭ്രാന്തനായി വീട്ടിൽനിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽകയറി. കുടുംബാംഗങ്ങളും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പൊലീസും യുവാവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
മണിക്കൂറുകളോളം ശ്രമം തുടർന്നെങ്കിലും യുവാവ് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഭാര്യ വീട്ടുകാരെത്തിയാൽ ഇറങ്ങാമെന്നു യുവാവ് അറിയിച്ചു. അധികം വൈകാതെ ഇവരെത്തിയെങ്കിലും പിന്നീട് യുവാവ് നിലപാട് മാറ്റി. സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞു പോയാൽ ഇറങ്ങാമെന്നായിരുന്നു യുവാവിന്റെ അടുത്ത നിലപാട്. അഗ്നിരക്ഷാസേന ആളുകളെ ഒഴിപ്പിച്ചെങ്കിലും അതും വിഫലമായി.വൈകിട്ട് അഞ്ചോടെ മഴ പെയ്തെങ്കിലും യുവാവ് ഇറങ്ങാൻ തയാറായില്ല. മഴ നനഞ്ഞ് തെങ്ങിൻ മുകളിൽ തന്നെയിരുന്ന യുവാവിനെ പിന്നീട് പത്തനംതിട്ടയിൽനിന്നുള്ള അഗ്നിരക്ഷാസേന സംഘമെത്തി, തെങ്ങിനുചുറ്റും വലകെട്ടി. ഗോവണി സ്ഥാപിച്ച് ഇറക്കാൻ ശ്രമിച്ചു. എന്നാൽ ഈ ശ്രമവും വിഫലമാവുകയായിരുന്നു. തുടർന്ന് അനുനയിപ്പിച്ചും ശാസിച്ചും ശ്രമം തുടർന്നെങ്കിലും യുവാവ് കൂട്ടാക്കിയില്ല.
രാത്രി 9.30 ആയപ്പോൾ യന്ത്രം ഉപയോഗിച്ച് മറ്റൊരാൾ തെങ്ങിൽ കയറി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും യുവാവ് ഭീഷണിപ്പെടുത്തിയതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. അവസാനമായി ഒരു പരീക്ഷണം എന്ന നിലയിലാണ് വെള്ളം പമ്പ് ചെയ്തത്. തൊട്ടു പിന്നാലെ യുവാവ് ഇറങ്ങി തുടങ്ങിയതോടെ സേനാംഗങ്ങൾക്കും ആശ്വാസമായി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നിയാസുദ്ദീൻ, ഫയർ ഓഫിസർമാരായ ഷാജു, സാബു, സൂരജ്, പ്രജോഷ്, അനീഷ്, രവി, സുരേഷ് കുമാർ, പത്തനംതിട്ട അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അജിത് കുമാർ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























